സോൾ: ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന റോഹ് തേയ് വൂ (88) ചൊവ്വാഴ്ച അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സോളിലെ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1988മുതൽ 1993വരെ ദക്ഷിണകൊറിയൻ പ്രസിഡൻറ്‌് സ്ഥാനം വഹിച്ചു. 1987 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് പ്രസിഡൻറ്‌് സ്ഥാനത്തെത്തുന്നത്.

1979-ൽ സുഹൃത്തും സൈനികമേധാവിയുമായിരുന്ന ചുൻ ദോ വാനെ പ്രസിഡന്റാക്കിയ അട്ടിമറിയിലെ പ്രധാനപങ്കാളിയായിരുന്നു റോഹ്. അട്ടിമറിക്കുപിന്നാലെ തെക്കൻ നഗരമായ ഗവാങ്ചുവിൽ ജനാധിപത്യാനുകൂല പ്രതിഷേധക്കാർക്കുനേരെ സൈന്യം നടത്തിയ അക്രമങ്ങളിൽ 200 പേർ കൊല്ലപ്പെട്ടിരുന്നു.

പ്രസിഡന്റായിരിക്കെ ഉത്തരകൊറിയയുമായി മെച്ചപ്പെ‍ട്ട നയതന്ത്രബന്ധം സൂക്ഷിച്ച റോഹ്, 1990-ൽ സോവിയറ്റ് യൂണിയനുമായും 1992-ൽ ചൈനയുമായും ബന്ധം പുനഃസ്ഥാപിച്ചു.

പ്രസിഡൻറ്് സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ സൈനിക അട്ടിമറി, അഴിമതി, പ്രതിഷേധക്കാർക്കുനേരെയുണ്ടായ ആക്രമണം എന്നിവയിൽ അന്വേഷണം നേരിട്ട റോഹിന് 22.5 കൊല്ലം തടവുലഭിച്ചു. രണ്ടുവർഷത്തോളം ജയിൽവാസമനുഷ്ഠിച്ച അദ്ദേഹത്തെ 1997-ൽ പൊതുമാപ്പ് നൽകി വിട്ടയക്കുകയായിരുന്നു. ജയിൽമോചിതനായശേഷം രാഷ്ട്രീയപ്രവർത്തനത്തിൽനിന്ന് വിട്ടുകഴിയുകയായിരുന്നു റോഹ്.