വാഷിങ്ടൺ: കണ്ണുകൾ ചിമ്മിത്തുറക്കും മുമ്പേ... എന്ന പല്ലവി ഇനി പാഴ്‌വാക്ക്. കൈഞൊടിച്ചു തീരുംമുമ്പേ എന്ന് മാറ്റിപ്പറയാം ഇനിമുതൽ. ‘ഞൊടിയിടയ്ക്കുള്ളിൽ’ തന്നെയാണ് ശരിയായപ്രയോഗമെന്ന് ശാസ്ത്രവും തെളിയിക്കുന്നു.

ഒരുതവണ കണ്ണുചിമ്മിത്തുറക്കുന്നതിനെക്കാൾ വേഗമുണ്ട് ഒരുവട്ടം കൈ ഞൊടിക്കുന്നതിന്; 20 മടങ്ങ് വേഗം. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. പഠനം ‘റോയൽ സൊസൈറ്റി ജേണലി’ൽ പ്രസിദ്ധീകരിച്ചു. മനുഷ്യശരീരത്തിൽ സാധ്യമായ പരിക്രമണചലനങ്ങളിൽ ഏറ്റവുംവേഗമേറിയതാണിത്. ബേസ് ബോൾ കളിക്കാരന്റെ കൈകളുടെ വേഗത്തേക്കാൾ കൂടുതലാണിതെന്നും ഗവേഷകർ കണ്ടെത്തുന്നു.

ഗവേഷണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കൈയുറകൾ ധരിച്ചും ധരിക്കാതെയും വിരൽ ഞൊടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഗവേഷകർ വിശകലനത്തിന് വിധേയമാക്കുകയായിരുന്നു. വിരൽ ഞൊടിക്കുമ്പോൾ തള്ളവിരലിനുതാഴെയുള്ള മാംസളഭാഗത്തുനിന്നാണ് ശബ്ദം പുറത്തുവരുന്നത്. കൈയുറകൾ ധരിച്ചാൽ വിരൽഞൊടിക്കാൻ പ്രയാസമാണ്. ശബ്ദവും വരില്ല. ‘മാർവെൽ കോമിക്സി’ന്റെ അവെഞ്ചർ സീരീസിലെ പ്രതിനായക കഥാപാത്രം താനോസ് ലോഹനിർമിതമായ കൈയുറകൾ ധരിച്ച് വിരൽ ഞൊടിക്കുമ്പോൾ പ്രപഞ്ചത്തിന്റെ പകുതി നിർജീവമാകുന്നതിന്റെ ശാസ്ത്രീയവശത്തെയും ഗവേഷകർ ചോദ്യംചെയ്യുന്നുണ്ട്.

ലോഹകൈയുറ അണിഞ്ഞ് താനോസിന് വിരൽഞൊടിക്കാൻ കഴിയില്ലെന്നാണ് ഈ ഗവേഷണഫലമെന്ന് നേതൃത്വം നൽകിയ ജൈവ-ഭൗതിക ശാസ്ത്രജ്ഞൻ സാദ് ഭാമ്‌ല പറഞ്ഞു. വിരലുകളുടെ മൃദുലഭാഗത്തെ വഴക്കവും അതിദ്രുതചലനവുമാണ് വിരൽഞൊടിക്കുന്നതിനും ശബ്ദമുണ്ടാവുന്നതിനും സഹായിക്കുന്നത്.