ബെയ്ജിങ്: കോവിഡിനെതിരായ കനത്ത ജാഗ്രത തുടർന്ന് ചൈന. ഷാങ്ഹായ് നഗരത്തിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ രണ്ടുവിമാനത്താവളത്തിലെ അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കി. സ്കൂളുകൾ അടച്ചു. വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സമീപനഗരമായ സുഷൗവിൽനിന്ന് കഴിഞ്ഞയാഴ്ച എത്തിയ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ, സുഷൗവിൽ നഗരം വിടുന്നതിന് രോഗമില്ലെന്ന പരിശോധനാഫലം ഹാജരാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

ഒരു രോഗിപോലും ഇല്ലാതാവുകയെന്ന നയത്തിന് മാറ്റമില്ലെന്ന് ഷാങ്ഹായിലെ കോവിഡ് പ്രതിരോധ വിദഗ്‌ധസമിതിയുടെ തലവൻ ഷാങ് വെൻഹോങ് പറഞ്ഞു. രോഗവ്യാപനം തുടർന്നാൽ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ 13 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്സ് നടക്കാനിരിക്കെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള തീവ്രയത്നത്തിലാണ് അധികൃതർ.