കാഠ്മണ്ഡു: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ളയുടെ രണ്ടു ദിവസത്തെ നേപ്പാൾ സന്ദർശനത്തിന് തുടക്കം. വ്യാഴാഴ്ച രാവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ശൃംഗ്‌ള നേപ്പാൾ വിദേശകാര്യസെക്രട്ടറി ഭാരത് രാജ് പൈഡയാലുമായി ചർച്ചനടത്തി.
ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടന്നതായും ഇന്ത്യൻ നയതന്ത്രകാര്യാലയം അറിയിച്ചു.
പരസ്പര സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് തുടർനടപടികൾ സ്വീകരിക്കാൻ ധാരണയായതായി കാര്യാലയം ട്വിറ്ററിൽ വ്യക്തമാക്കി.
വിദേശമന്ത്രി പ്രദീപ് ഗ്യാവാലി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുമെന്ന് ശൃംഗ്‌ള പറഞ്ഞു. രണ്ടു അയൽ സുഹൃദ്‌രാജ്യങ്ങൾ തമ്മിലുള്ള ഉന്നതതല ആശയവിനിമയത്തിൻറെ തുടർച്ചയാണ് സന്ദർശനമെന്ന് നേപ്പാൾ വിദേശമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി എന്നിവരുമായും ശൃംഗ്‌ള കൂടിക്കാഴ്ച നടത്തും.
അതിർത്തിത്തർക്കമുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളെച്ചൊല്ലി ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽവീണ സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷമുള്ള ശൃംഗ്‌ളയുടെ ആദ്യ സന്ദർശനം.