: കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുവെച്ചൊരാൾ. അല്പം പൊക്കക്കുറവെങ്കിലും ഏത് ആൾക്കൂട്ടത്തിലും തലപ്പൊക്കത്തോടെ ശ്രദ്ധേയൻ -കളിക്കളത്തിലും പുറത്തും ഡീഗോ മാറഡോണ അങ്ങനെയായിരുന്നു. ഇടക്കാലത്ത് ഫുട്‌ബോൾ കോച്ചായും പിന്നെ ദുബായ് സ്പോർട്‌സ് കൗൺസിലിന്റെ അംബാസഡറുമായൊക്കെ ഏതാനുംവർഷങ്ങൾ താരം ഇവിടെ ജീവിച്ചു. ദുബായിയെ പ്രണയിച്ചു. ഒടുവിൽ തിരിച്ചുപോകുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ- ‘‘ദുബായ് ഒരു മനോഹര നഗരം, ഞാൻ ഈ നഗരത്തെ പ്രണയിക്കുന്നു, അത്രമേൽ ഇവിടത്തെ ജീവിതം സുഖപ്രദം’’.
ഒരു പന്തിനുപിന്നാലെ ലോകമെങ്ങും കറങ്ങിനടന്ന ഒരു കളിക്കാരന്റെ, മനുഷ്യന്റെ, ഈ സ്നേഹത്തെ ദുബായ് എന്നും ആദരിച്ചിട്ടുണ്ട്. ആ സ്നേഹം അദ്ദേഹം എക്കാലവും തിരിച്ചുതന്നിട്ടുമുണ്ട്. ദുബായിയെ പ്രണയിച്ച ഡീഗോ മാറഡോണയുടെ സ്നേഹം നേരിട്ടുകിട്ടിയവരും ധാരാളം.
2012-ൽ അൽ വാസൽ ക്ലബ്ബിന്റെ ഫുട്‌ബോൾ കോച്ചായി ഡീഗോ മാറഡോണ എത്തുമ്പോൾ അതൊരു വലിയ വാർത്തയായിരുന്നു. അർജന്റീന എന്ന ഫുട്‌ബോൾ രംഗത്തെ ഏറ്റവുംശക്തരായ ഒരു ടീമിനെ പരിശീലിപ്പിച്ച, നേരത്തേ രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത, ഒരു ലോകോത്തര താരം ദുബായിലെ ഒരു ക്ലബ്ബിന്റെ ക്ഷണമനുസരിച്ച് പരിശീലകനായി എത്തിയപ്പോൾ അമ്പരന്നത് ഫുട്‌ബോൾ ലോകം തന്നെയായിരുന്നു.
യു.എ.ഇ.യിലെ വലിയ ടീമായിരുന്നില്ല അൽ വാസൽ. എന്നാൽ, മാറഡോണയുടെ വരവോടെ ക്ലബ്ബിന്റെ പെരുമ അറബ് ലോകവും കടന്ന് യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ എത്തി. ക്ലബ്ബിന്റെ പണസഞ്ചി നിറയ്ക്കാൻ പ്രമുഖ ബ്രാൻഡുകൾ സ്പോൺസർമാരായി നിരന്നു. യു.എ.ഇ.യിലെ വലിയ കമ്പനികളും കൂടെ നിന്നു. മാറഡോണ പരിശീലിപ്പിക്കുന്ന ടീമെന്ന ഖ്യാതിയോടെ അൽ വാസൽ ഒരുവർഷം വാർത്തകളിൽ നിറഞ്ഞുനിന്നു. അൽ വാസലിനു വലിയ മുന്നേറ്റമൊന്നും നടത്താനായില്ലെങ്കിലും ദുബായിലെ ഫുട്‌ബോളിനെക്കുറിച്ചും ക്ലബ്ബുകളെക്കുറിച്ചും യൂറോപ്യൻ ഫുട്‌ബോൾ ക്ലബ്ബുകളും ലോകതാരങ്ങളും അറിഞ്ഞു. അവരിൽപലരും യു.എ.ഇ.യിലേക്ക് കണ്ണെറിഞ്ഞു. ഫുട്‌ബോൾ അക്കാദമികൾ പലതും രൂപമെടുത്തു. അറബ് നാടുകളിലാകെ ആ തരംഗം പടർന്നു.
ഒരു വർഷം കഴിഞ്ഞു ക്ലബ്ബിനോട് താരം വിടപറഞ്ഞെങ്കിലും ദുബായിക്ക് ആ വേർപാട് ഉൾക്കൊള്ളാനാവുമായിരുന്നില്ല. ഡീഗോ മാറഡോണ ദുബായ് സ്പോർട്‌സിന്റെ ബ്രാൻഡ് അംബാസഡറായി. പല മത്സരവേദികളിലും ദുബായിയുടെ വക്താവായി നടന്നു. ലോകം ആരാധിക്കുന്ന ബ്രാൻഡ് അംബാസഡറെ ദുബായിയും മനസ്സുനിറഞ്ഞ് സ്നേഹിച്ചു. ആ സ്നേഹമാണ് എക്കാലത്തും മാറഡോണയോടും അർജന്റീനയോടും ഫുട്‌ബോളിനോടുമുള്ള ആവേശമായി പതിന്മടങ്ങ് വലുതായി അറബ് ലോകമാകെ നിറഞ്ഞത്. 2015 വരെയായിരുന്നു അംബാസഡർ എന്ന നിലയിലുള്ള സേവനം. പിന്നീടും പലതവണ മാറഡോണ ദുബായിലെത്തി.
ഫുട്‌ബോളിനോടും കളിക്കുന്ന കൊച്ചുകുട്ടികളോടുപോലും വല്ലാത്തൊരു വാത്സല്യമെന്നും മാറഡോണ കൊണ്ടുനടന്നിരുന്ന കാര്യം ദുബായിലെ സെപ്റ്റിന്റെ ഡയറക്ടറായിരുന്ന ഷാനവാസ് ഓർത്തെടുക്കുന്നുണ്ട്. പന്ത്രണ്ടുവയസ്സിനു താഴെയുള്ള സെപ്റ്റിന്റെ ടീമും അൽ വാസൽ ക്ലബ്ബിന്റെ ടീമും തമ്മിലൊരു സൗഹൃദമത്സരം 2012-ൽ ദുബായിൽ നടന്നു. മാറഡോണ ഒന്നുവന്നിരുന്നെങ്കിലെന്ന ആഗ്രഹം ഷാനവാസ് തന്നെയാണ് അൽ വാസലിലെ സുഹൃത്തിനോട് പങ്കുവെച്ചത്. ഒടുവിൽ ആ ആഗ്രഹം നടന്നു -കുട്ടികളുടെ അടുത്തേക്ക് നിറചിരിയോടെ നടന്നുവന്ന താരം അവരിലൊരാളായി. ഫോട്ടോയ്ക്ക് അവരെയെല്ലാം നിർത്തി. ചെറിയ കുട്ടികളെ മുന്നിലിരുത്താനും അദ്ദേഹം ശ്രദ്ധിച്ചു. ഫോട്ടോയെടുപ്പിനുശേഷവും കുറച്ചുനേരം മാറഡോണ കുട്ടികളുടെ കൂട്ടുകാരനായി കൂടെ നിന്നു. പലരും ഡീഗോയുടെ പച്ചകുത്തിയ കൈയും പാറിപ്പറഞ്ഞുകിടന്ന തലമുടിയും ബനിയനുമൊക്കെ തൊട്ടുനോക്കി. ചിലർ താരത്തിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. അതിനെല്ലാം നിറഞ്ഞ ചിരിയോടെ, വാത്സല്യത്തോടെ ഡീഗോ കൂടെനിന്നുകൊടുത്തു. അതായിരുന്നു ആ താരത്തിന്റെ മഹത്ത്വമെന്നും ഷാനവാസ് ഓർത്തെടുക്കുന്നു.