ഷാർജ: വിദേശങ്ങളിൽനിന്നെത്തുന്നവർക്കുള്ള കോവിഡ് പരിശോധന സൗജന്യമാക്കിയതിനെ പ്രവാസികൾ പരക്കെ സ്വാഗതംചെയ്തു. ദിവസങ്ങളായുള്ള കടുത്തപ്രതിഷേധങ്ങൾക്കൊടുവിലാണ് വെള്ളിയാഴ്ച കേരളസർക്കാർ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുത്തത്. വിദേശങ്ങളിൽനിന്നുമെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് അറിയിച്ചത്. പ്രവാസിമലയാളികളിൽനിന്ന്‌ ശക്തമായ എതിർപ്പുയർന്നതോടെയാണ് സർക്കാർ പരിശോധനാചെലവ് സൗജന്യമാക്കിയത്.

ഗൾഫ്‌ രാജ്യങ്ങൾ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. 1700 രൂപയാണ് കോവിഡ് പരിശോധനയ്ക്ക് കേരളത്തിൽനിന്നുള്ള വിമാനത്താവളങ്ങളിൽ ഈടാക്കിയിരുന്നത്. കേരളമൊഴിച്ച് മറ്റുസംസ്ഥാനങ്ങൾ പലതും പരിശോധന സൗജന്യമാക്കിയിരുന്നു. വിവിധ സ്വകാര്യ ഏജൻസികൾക്കാണ് കോവിഡ് പരിശോധനാചുമതല നൽകിയത്. പ്രവാസിസംഘടനകൾ കോവിഡ് ടെസ്റ്റിന് തുക ഈടാക്കുന്നതിനെതിരേ നിവേദനങ്ങളുമായി കേരളസർക്കാരിനെ സമീപിച്ചിരുന്നു. നാലുവിമാനത്താവളങ്ങളിലും കേന്ദ്രനിർദേശത്തിന്റെ ഭാഗമായാണ് വിദേശത്തുനിന്ന്‌ വരുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന ഏർപ്പെടുത്തിയത്. കോവിഡിന്റെ വകഭേദം സംഭവിച്ച വൈറസുകൾ കാരണം രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുറത്തുനിന്നുമെത്തുന്നവർക്ക് പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.