റിയാദ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യൻ രാജാവ് സൽമാനുമായി ഫോണിൽ സംസാരിച്ചു. മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും യു.എസ്. നൽകുന്ന പ്രാധാന്യത്തെയാണ്‌ സംഭാഷണത്തിൽ ബൈഡൻ ഉയർത്തിക്കാട്ടിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 2018-ൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്താൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അനുവാദം നൽകിയെന്നാരോപിക്കുന്ന യു.എസ്. രഹസ്യാന്വേഷണറിപ്പോർട്ട് പുറത്തിറങ്ങാനിരിക്കെ ഈ വിഷയത്തിൽ രാജാവുമായി ഫോണിൽ സംസാരിക്കുമെന്ന് ബൈഡൻ നേരത്തേ അറിയിച്ചിരുന്നു. ബൈഡൻ നേരത്തേതന്നെ റിപ്പോർട്ട് വായിച്ചതാണെന്നാണ് അറിയുന്നത്. അതേസമയം, ആരോപണങ്ങൾ സൗദി നിഷേധിക്കുകയാണ്. 2018 ഒക്ടോബർ രണ്ടിന് തുർക്കി ഈസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽവെച്ചാണ് 59-കാരനായ ഖഷോഗി കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരായ നടപടിയിൽ ആളുമാറിയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് സമ്മതിച്ച സൗദിഭരണകൂടം എന്നാൽ, കിരീടാവകാശിയുടെ ഇടപെടൽ നിഷേധിക്കുകയായിരുന്നു.