ലണ്ടൻ: കൗമാരപ്രായത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ.എസ്.) ചേരാനായി സിറിയയിലേക്കുകടന്ന ഷമീമ ബീഗത്തെ ബ്രിട്ടനിലേക്ക് തിരിച്ചുവരാനും പൗരത്വത്തിനായി പോരാടാനും അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. അഞ്ചു ജഡ്ജിമാരും ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ബീഗം യു.കെ.യിലേക്ക് മടങ്ങുന്നത് തടയാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി പ്രസിഡന്റ് ലോർഡ് റീഡ് വ്യക്തമാക്കി. ആഭ്യന്തരവകുപ്പിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ബീഗത്തിന് പുനഃപരിശോധനാഹർജി നൽകാൻ അധികാരമുണ്ടെന്നും വ്യക്തമാക്കി.

2015-ൽ 15-ാം വയസ്സിലാണ് സ്കൂളിൽ ഒപ്പംപഠിക്കുന്ന രണ്ടു സുഹൃത്തുക്കൾക്കൊപ്പം ലണ്ടനിലെ വീടുവിട്ട് ബീഗം ഐ.എസിൽ ചേരാൻ സിറിയയിലേക്കുപോയത്. അവിടെവെച്ച് ഐ.എസ്. ഭീകരനെ വിവാഹം ചെയ്തു. ഈബന്ധത്തിൽ ബീഗത്തിന് ഒരുകുട്ടിയുണ്ട്. 2019-ൽ അന്നത്തെ ആഭ്യന്തരസെക്രട്ടറിയായിരുന്ന സാജിദ് ജാവേദ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ബീഗത്തിന്റെ പൗരത്വം എടുത്തുകളഞ്ഞിരുന്നു. ഇപ്പോൾ 21 വയസ്സുള്ള ബീഗം ബ്രിട്ടനിലെ മാതാപിതാക്കൾക്കരികിലേക്ക് തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വടക്കൻ സിറിയയിൽ സായുധധാരികൾ നിയന്ത്രിക്കുന്ന ക്യാമ്പിലാണ് ബീഗം ഇപ്പോഴുള്ളത്.