യുണൈറ്റഡ് നേഷൻസ്: ഇന്ത്യൻ സാമ്പത്തികവിദഗ്ധ ലിജിയ നൊരോണയെ യു.എൻ. അസിസ്റ്റന്റ്‌ സെക്രട്ടറി ജനറലായും യു.എൻ.ഇ.പി.യുടെ തലപ്പത്തേക്കും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു. ഇന്ത്യക്കാരനായ സത്യ ത്രിപാഠിയുടെ പിൻഗാമിയായാണ് ലിജിയ ഈ സ്ഥാനത്തെത്തുന്നത്. അന്താരാഷ്ട്രതലത്തിൽ സുസ്ഥിരവികസന രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട് ലിജിയക്ക്. 2014 മുതൽ നയ്റോബി കേന്ദ്രമായുള്ള യു.എൻ.ഇ.പി.യുടെ സാമ്പത്തികവിഭാഗത്തിൽ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. യു.എന്നിലെത്തുന്നതിനു മുമ്പ് ന്യൂഡൽഹിയിലെ ദ എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടെറി) ഗവേഷണവിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. ഏഷ്യൻ എനർജി ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. മുംബൈ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അവർ ലണ്ടൻ സ്കൂൾ ഓഫ് ജേണലിസത്തിൽ ഗവേഷണം പൂർത്തിയാക്കി.