ദുബായ്: ഒരു സംഗീതപരിപാടിയിൽ ഏറ്റവുമധികം ഭാഷകളിൽ ഗാനമാലപിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ദുബായിലെ മലയാളി യുവഗായിക സുചേത സതീഷിന്. ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലുള്ള പാട്ടുകളാണ് ദുബായ് ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ഈ മിടുക്കി പാടിയത്. ഓഗസ്റ്റ് 19-ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ഗിന്നസ് റെക്കോഡ് പ്രതിനിധികളുടെയും ഇന്ത്യൻ കോൺസൽ ജനറൽ അമാൻ പുരിയടക്കമുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു ആലാപനം. കഴിഞ്ഞദിവസമാണ് വെബ്‌സൈറ്റിലൂടെ ഗിന്നസ് റെക്കോഡ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെയും യു.എ.ഇ.യുടെ 50-ാമത് ദേശീയദിനത്തിന്റെയും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ‘മ്യൂസിക് ബിയോണ്ട് ദ ബോർഡേഴ്സ്’ എന്നപേരിൽ നൽകിയ ആദരവാണ് ഈ ഗാനോപഹാരം. 91 ലോകഭാഷകളിലും മലയാളമടക്കം 29 ഇന്ത്യൻ ഭാഷകളിലുമായാണ് ആലാപനം നടത്തിയത്. പാട്ടുകളൊന്നും നോക്കിവായിച്ചതല്ലെന്നതും നേട്ടത്തിന്റെ പ്രസക്തിയുയർത്തുന്നു. ഉച്ചയ്ക്ക് 12മുതൽ രാത്രി 7.30വരെ നീളുന്നതായിരുന്നു അവതരണം.

ഇന്ത്യൻ പ്രധാനമന്ത്രിക്കും യു.എ.ഇ. ഭരണാധികാരികൾക്കും യു.എ.ഇ.യിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായവർക്കും പുരസ്കാരം സമർപ്പിക്കുന്നതായി സുചേത പറഞ്ഞു. ഒരു കച്ചേരിയിൽ ഏറ്റവുമധികം ഭാഷകളിൽ പാടിയതിനും ഏറ്റവും ദൈർഘ്യമേറിയ കച്ചേരി അവതരിപ്പിച്ചതിനും ഇതിനകം രണ്ട്‌ ലോകറെക്കോഡുകൾ ഈ മിടുക്കി സ്വന്തമാക്കിയിരുന്നു.

കണ്ണൂർ എളയാവൂർ സ്വദേശി ഡോ. ടി.സി. സതീഷിന്റെയും സുമിതയുടെയും മകളാണ് സുചേത.