വാഷിങ്ടൺ: ചൈനീസ് ടെലികമ്യൂണിക്കേഷൻ കമ്പനി വാവേയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻഷൂവിനെ കാനഡ വിട്ടയച്ചു. യു.എസ്. നീതിന്യായവിഭാഗവുമായുണ്ടാക്കിയ കരാറിനെത്തുടർന്നാണ് നടപടി. കരാർപ്രകാരം 2022 അവസാനംവരെ മെങ് വാൻഷൂവിനെതിരേ നിയമനടപടിയുണ്ടാകില്ല. കേസുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് അതിനുശേഷമേ തീരുമാനിക്കൂ.

എച്ച്.എസ്.ബി.സി. ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഇറാൻ കമ്പനിയുമായി വ്യാപാരക്കരാറിലേർപ്പെട്ടതായി ആരോപിച്ചാണ് വാവേയുടെ സ്ഥാപകൻ റെൻ ഷെങ്ഫിയുടെ മകൾകൂടിയായ മെങ്ങിനെ 2018 ഡിസംബറിൽ കാനഡ അറസ്റ്റുചെയ്തത്.

ചൈനീസ് സർക്കാർ അയച്ച പ്രത്യേകവിമാനത്തിൽ മെങ് ചൈനയിലേക്ക് മടങ്ങി. എന്നാൽ, മെങ്ങിന്റെ മോചനത്തെക്കുറിച്ച് പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല. മെങ്ങിന്റെ മോചനത്തിനുപിന്നാലെ തങ്ങളുടെ രണ്ടുപൗരന്മാരെ ചൈന വിട്ടയച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അറിയിച്ചു. ചാരവൃത്തിയാരോപിച്ച് അറസ്റ്റുചെയ്ത മൈക്കിൾ സ്പാവോർ, മൈക്കിൾ കോവ്‌റിഗ് എന്നിവരെയാണ് മോചിപ്പിച്ചത്. ഇവർ ശനിയാഴ്ച കാനഡയിലെത്തി. ശുഭവാർത്തയെന്ന് ഇരുവരുടെയും മോചനത്തെ ട്രൂഡോ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി നീണ്ടുനിന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് നടപടി.