കാബൂൾ: അഫ്ഗാനിസ്താനിലെ ഹെറാത്തിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയവരുടെ മൃതദേഹം താലിബാനികൾ പൊതുസ്ഥലത്ത് ക്രെയിനിൽ തൂക്കിയിട്ടു. നാലുപേരുടെ മൃതദേഹമാണ് നഗരത്തിലെ ചത്വരങ്ങളിൽ പ്രദർശിപ്പിച്ചത്.

നഗരത്തിലെ ബിസിനസുകാരനെയും മകനെയും തട്ടിക്കൊണ്ടുപോയതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. കുറ്റംചെയ്യുന്നവർക്കുള്ള താക്കീതായാണ് നടപടിയെന്ന് ഹെറാത്തിലെ ഡെപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹമ്മദ് മുജാഹിർ പറഞ്ഞു.

രാജ്യത്ത് വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടുവരുമെന്ന് ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ മുല്ല നൂറുദ്ദീൻ തുറബി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലത്തുവെച്ച് ശിക്ഷ നടപ്പാക്കുന്നതുസംബന്ധിച്ച്‌ ചർച്ച നടന്നുവരുകയാണെന്നും അദ്ദേഹം പറയുന്നു.

യു.എൻ. പൊതുസഭയിൽ താലിബാന് സംസാരിക്കാനാകില്ല

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭ (യു.എൻ.) പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കാൻ താലിബാനെ അനുവദിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. മുൻ സർക്കാരിന്റെ സ്ഥാനപതി ഗുലാം ഇസാക്സായിയാകും അഫ്ഗാനിസ്താനെ പ്രതിനിധാനംചെയ്ത്‌ സംസാരിക്കുകയെന്ന് യു.എൻ. വക്താവ് സ്റ്റീഫെയ്ൻ ദുജാറിക് പറഞ്ഞു. നേരത്തേ, പൊതുസമ്മേളനത്തിൽ അഫ്ഗാനിസ്താനെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി താലിബാൻ കത്തുനൽകിയിരുന്നു.