കോപ്പൻഹേഗൻ: സ്വീഡനിൽ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നേട്ടത്തിന് നിമിഷങ്ങളുടെ മാത്രം ആയുസ്സ്. പ്രധാനമന്ത്രിയായി സ്വീഡിഷ് പാർലമെന്റ് അംഗീകരിച്ച മഗ്ദലീന ആൻഡേഴ്സൻ (54) മണിക്കൂറുകൾക്കകം രാജിസമർപ്പിക്കുകയായിരുന്നു. ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യമുറപ്പിച്ചിരുന്ന ഗ്രീൻപാർട്ടി പിന്തുണ പിൻവലിച്ചതുമാണു രാജിക്കു കാരണമായത്. ധനമന്ത്രിയായിരുന്ന മഗ്ദലീനയെ പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്‌വെൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

മുൻ നീന്തൽതാരമായിരുന്ന മഗ്ദലീന 1996-ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അന്നത്തെ പ്രധാനമന്ത്രി ഗൊരാൻ പെർസ്സണിന്റെ ഉപദേശകയായിട്ടായിരുന്നു തുടക്കം. കഴിഞ്ഞ ഏഴുവർഷമായി ധനമന്ത്രിയാണ്.