ബെർലിൻ: കോവിഡ് വ്യാപനം ശക്തമായാൽ വാക്സിൻ സ്വീകരിക്കാത്തവർ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന് ജർമനി. വാക്സിൻ എടുത്തവർക്ക് സ്വാതന്ത്രമായി സഞ്ചരിക്കാനാകുമെന്നും വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണങ്ങൾ തുടരുമെന്നും ജർമൻ ചാൻസലർ ആംഗേല മെർക്കലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹെൽഗെ ബ്രൗൺ പറഞ്ഞു.

നിലവിൽ വാക്സിൻ സ്വീകരിച്ചവർക്കും രോഗമില്ലെന്ന സമീപകാല പരിശോധനാഫലം ഹാജരാക്കുന്നവർക്കും രാജ്യത്തെ ഹോട്ടലുകൾ, സിനിമാ തിയേറ്ററുകൾ, സ്പോർട്സ് വേദികൾ എന്നിവിടങ്ങളിൽ പ്രവേശിക്കാനാകും. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചാൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനവിലക്കുകൾ നേരിടേണ്ടി വരും, അദ്ദേഹം പറഞ്ഞു.

ഇതുവരെ ജനസംഖ്യയുടെ 49.1 ശതമാനം പേർക്കാണ് ജർമനിയിൽ വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചത്. 60.8 ശതമാനത്തിന് ആദ്യഡോസ് ലഭിച്ചു. രോഗവ്യാപനം കുറവായിരുന്ന ജർമനിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഡെൽറ്റ വകഭേദമാണ് ഭൂരിഭാഗം കേസുകൾക്കും കാരണം. ഇതുവരെ 37.61 ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 92,036 പേർ രോഗബാധിതരായി മരിച്ചു.