മക്ക: ഈവർഷത്തെ ഹജ്ജ് കർമം അവസാനിച്ചതോടെ മക്കയിലെ ഹറമിലേക്ക് തീർഥാടകരെ പ്രവേശിപ്പിച്ചുതുടങ്ങി. ഉംറ അടക്കമുള്ള കർമങ്ങൾക്കും പ്രാർഥനകൾക്കുമായാണ് ഞായറാഴ്ചമുതൽ വിശ്വാസികൾക്ക് പ്രവേശനം നൽകിയത്. ഹജ്ജ് തീർഥാടനസമയത്ത് ഹാജിമാരുടെ സൗകര്യാർഥം മറ്റുള്ളവർക്ക് പ്രവേശനം വിലക്കിയിരുന്നു. ഹജ്ജ് തീർഥാടനത്തിനുശേഷം ആദ്യമായി വിശ്വാസികൾ ഹറമിലെത്തിയ ചിത്രവും അധികൃതർ പറത്തുവിട്ടു.

കോവിഡ് മുൻകരുതൽനടപടികൾ പാലിച്ച് വിശ്വാസികളെ ഹറമിൽ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ ഹറം കാര്യാലയം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പ്രവേശനകവാടംവഴിയാണ് തീർഥാടകർ ഹറമിലേക്ക് പ്രവേശിക്കുക. കർമങ്ങൾചെയ്യുവാൻ കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രത്യേക പാതകളിലൂടെതന്നെ സഞ്ചരിക്കുകയും പ്രാർഥനകൾ നിർവഹിക്കുകയും വേണമെന്ന് ഹറം കാര്യാലയം നിർദേശിച്ചിട്ടുണ്ട്.