ജറുസലേം: പെഗാസസ് ഫോൺ ചോർത്തലിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോണിൽ ചർച്ചനടത്തി. മൊറോക്കോയുടെ സുരക്ഷാ സേന പെഗാസസ് സ്പൈവേർ ഉപയോഗിച്ച് മാക്രോണിന്റെയും സർക്കാരിലെ 15 അംഗങ്ങളുടെയും ഫോൺ ചോർത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത്. താൻ അധികാരം ഏറ്റെടുക്കും മുമ്പ് നടന്ന കാര്യമാണെങ്കിലും അതേകുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നഫ്താലി മാക്രോണിന് ഉറപ്പുനൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെഗാസസ് നിർമാതാക്കളായ എൻ.എസ്‌.ഒ. ഗ്രൂപ്പിന്റെ സോഫ്‌റ്റ്‌വേർ കയറ്റുമതി കരാറുകൾ പരിശോധിക്കാൻ ഇസ്രയേൽ കഴിഞ്ഞ ദിവസം സമിതി രൂപവത്കരിച്ചിരുന്നു. എന്നാൽ ഫോൺ ചോർത്തൽ ആരോപണം മൊറോക്കൻ സർക്കാരും എൻ.എസ്‌.ഒ. ഗ്രൂപ്പും നിഷേധിച്ചു.

രഹസ്യസ്വഭാവമുള്ള രേഖകൾ ആയതിനാൽ കമ്പനിയുടെ കരാറുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും എൻ.എസ്‌.ഒ. ചീഫ് എക്സിക്യുട്ടീവ് ഷാലെവ് ഹുലിയോ പറഞ്ഞു. അതേസമയം, സർക്കാരിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.