അലാസ്ക: താലിബാൻ മുന്നേറ്റത്തിന്റെ വേഗംകുറയ്ക്കുകയാണ് അഫ്ഗാൻ സൈന്യം ആദ്യംചെയ്യേണ്ടതെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. രാജ്യത്തെ തന്ത്രപ്രധാനമായ ഭാഗങ്ങളിൽ സേനാ വിന്യാസം വർധിപ്പിക്കാൻ അഫ്ഗാൻ സൈന്യം തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതികരണം.

“പ്രധാന ജനസംഖ്യാകേന്ദ്രങ്ങൾക്കു ചുറ്റും അഫ്ഗാൻ സൈനികസാന്നിധ്യം ശക്തമാക്കുകയാണ്. എന്നാൽ താലിബാനെ തടയാൻ അവരുടെ അക്രമണങ്ങളുടെ വേഗംകുറയ്ക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. അഫ്ഗാൻ സൈന്യത്തിന് അതിനുള്ള കഴിവും ശേഷിയുമുണ്ടെന്നും ഓസ്റ്റിൻ പറഞ്ഞു.

നേരത്തേ കാബൂൾ അടക്കമുള്ള പ്രധാന നഗരങ്ങൾ, അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കികൊണ്ട് യുദ്ധതന്ത്രം മാറ്റാൻ അഫ്ഗാൻ ൈസന്യം തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗത്തിൻറെ നിയന്ത്രണം താലിബാൻ ഭീകരർ ഏറ്റെടുത്തതായി നേരത്തേ യു.എസ്. പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സൈന്യത്തിന് പിന്തുണയുമായി താലിബാനെതിരേ വ്യോമാക്രമണം തുടരുന്നതായും യു.എസ്. അറിയിച്ചു. കൂടാതെ അഫ്ഗാനിസ്താനിലെ അഭയാർഥി പുനരധിവാസത്തിനായി 10 കോടി ഡോളറിന്റെ ധനസഹായവും യു.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്.

കാണ്ഡഹാറിൽനിന്ന്‌ 22,000 അഫ്ഗാൻ കുടുംബങ്ങൾ പലായനംചെയ്തു

കാണ്ഡഹാർ: താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ കനത്ത കാണ്ഡഹാർ പ്രവിശ്യയിൽനിന്ന്‌ 22,000 അഫ്ഗാൻ കുടുംബങ്ങൾ പലായനം ചെയ്തതതായി പ്രാദേശിക അധികൃതർ. വീടുപേക്ഷിച്ച് ഇവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായി കാണ്ഡഹാർ അഭയാർഥി വിഭാഗം തലവൻ മുഹമ്മദ് ദാരിയബ് പറഞ്ഞു.

1,54,000 പേർക്ക് സ്ഥാനമാറ്റം സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവർക്കായി അധികൃതർ നാലു ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

അതിനിടെ ഞായറാഴ്ചയും പ്രവിശ്യയിൽ ഏറ്റുമുട്ടൽ തുടർന്നു. പോലീസ് ഉൾപ്പെടെ സുരക്ഷാസേനയുടെ പിഴവുകളാണ് താലിബാനെ ശക്തമാക്കിയതെന്ന് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ലാലയ് ദാസ്‌തഗീരി പറഞ്ഞു. സുരക്ഷാസേനയെ ഏകോപിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.