ബെയ്ജിങ്: ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സ്വർണഖനിയിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ മരിച്ചു. ഒരാളെ കാണാതായി. ഞായറാഴ്ചയാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈമാസം പത്തിനാണ് ഖനിയിൽ സ്ഫോടനമുണ്ടായത്. 22 തൊഴിലാളികളായിരുന്ന അപ്പോൾ ഖനിയിലുണ്ടായിരുന്നത്. രണ്ടാഴ്ചയായി നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ 11 പേരെ രക്ഷിക്കാനായി. സ്ഫോടനത്തിലെ പരിക്കും പട്ടിണിയുമാണ് മരണകാരണമെന്ന് മൃതദേഹം പരിശോധിച്ച ആരോഗ്യസംഘം അറിയിച്ചു. സ്ഫോടനമുണ്ടായി 30 മണിക്കൂറിനുശേഷമാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഫോടനത്തിലുണ്ടായ കനത്ത മണ്ണിടിച്ചിലാണ് രക്ഷാപ്രവർത്തനം നീണ്ടുപോകാൻ കാരണമായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.