വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച വാക്സിന്റെ ഒറ്റഡോസ് തന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് യു.എസിലെ വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്. കോവിഡ് അനിയന്ത്രിതമായി തുടരുന്ന യു.എസിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ ഇത് ഗുണംചെയ്യുമെന്ന് സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള ഫൈസർ, മൊഡേണ വാക്സിനുകൾ രണ്ട് ഡോസ് വീതമാണെടുക്കേണ്ടത്. എന്നാൽ, ഇവയോട് മത്സരിക്കാൻ ജെ ആൻഡ് ജെയുടെ ഒറ്റ വാക്സിൻ പര്യാപ്തമാണെന്നും ഇത് സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ-മരുന്നുവിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചത്തെ പരിശോധനകൾക്കുശേഷം വാക്സിന് അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

യു.എസ്., ലാറ്റിനമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 44,000 പേരിൽ കമ്പനിയുടെ ഒറ്റഡോസ് വാക്സിൻ പരീക്ഷണം നടത്തിയിരുന്നു. യു.എസിൽ 72 ശതമാനമായിരുന്നു വിജയം. ആഫ്രിക്കയിൽ 66-ഉം. ലാറ്റിനമേരിക്കയിൽ 57-ഉം.

അതേസമയം, 4.45 കോടി അമേരിക്കക്കാർ ഇതുവരെ ഫൈസർ/മൊഡേണ വാക്സിനുകളുടെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു. രണ്ടുകോടിപ്പേർ രണ്ടു ഡോസുകളുമെടുത്തു. 95 ശതമാനമാണ് വാക്സിന്റെ പ്രതിരോധശേഷി.