യുണൈറ്റഡ് നേഷൻസ്: ആഭ്യന്തരസംഘർഷത്താൽ തകർത്തെറിയപ്പെട്ട യെമെൻ നേരിടുന്നത് പതിറ്റാണ്ടുകൾക്കിടെ ലോകംകണ്ട ഏറ്റവും കഠിനമായ ക്ഷാമമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 385 കോടി ഡോളറിന്റെ അടിയന്തര മാനുഷികസഹായം യെമെനിലെത്തിക്കേണ്ടതുണ്ട്. യു.എൻ. സഹായനിധിയിലേക്ക് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇ.യും നൽകിവന്ന സഹായധനം കഴിഞ്ഞവർഷം പെട്ടെന്ന് നിർത്തിക്കളഞ്ഞത് സാഹചര്യം പ്രതികൂലമാക്കി. ഇതോടെ ഭക്ഷണവും മറ്റു സഹായങ്ങളും യെമെനിലേക്കെത്തുന്നത് കുറഞ്ഞു. സഹായം ലഭിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. മുൻവർഷങ്ങളിൽ മാസത്തിൽ 1.4 കോടിപ്പേർക്കെങ്കിലും സഹായം എത്തിക്കാനായിരുന്നെങ്കിൽ 2020-ൽ അത് 90 ലക്ഷമായി കുറഞ്ഞെന്നും യു.എൻ. ചൂണ്ടിക്കാട്ടി.