മനില: ഫിലിപ്പീൻസിൽ ബോട്ടപകടങ്ങളിൽ 25 പേർ മരിച്ചു. 59 പേരെ രക്ഷപ്പെടുത്തി. ഗുയ്‌മാറസ് പ്രവിശ്യയ്ക്കും ഇലോയ്‌ലോ നഗരത്തിനും ഇടയ്ക്കുള്ള കടൽപ്പാതയിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൂന്നുബോട്ടുകളാണ് മുങ്ങിയതെന്നും 25 മൃതദേഹം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

കനത്തമഴയും കടൽക്ഷോഭവുമാണ് അപകടത്തിനുകാരണമായത്. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ്. മറിഞ്ഞ ഒരു ബോട്ടിൽ നാലുജീവനക്കാരടക്കം 43 പേരും മറ്റൊന്നിൽ നാലുജീവനക്കാരടക്കം 34 പേരും ഉണ്ടായിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഒരെണ്ണത്തിൽ നാലുജീവനക്കാർ ഉണ്ടായിരുന്നതായിമാത്രമേ റിപ്പോർട്ടുള്ളൂ.

ഫിലിപ്പീൻസിൽ എല്ലാവർഷവും ബോട്ടപകടത്തിൽ ഒട്ടേറെപ്പേർ മരിക്കാറുണ്ട്. വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബോട്ടുകളുടെ നിലവാരക്കുറവും സുരക്ഷാക്രമീകരണങ്ങളില്ലാത്തതുമാണ് കാരണം. അനുവദിച്ചതിലുമധികം യാത്രക്കാരെ ബോട്ടുകളിൽ കുത്തിനിറയ്ക്കുന്നതും അപകടത്തിനുകാരണമാവുന്നു.

1987-ലാണ് ഫിലിപ്പീൻസിൽ ഏറ്റവുംവലിയ അപകടമുണ്ടായത്. അന്ന് കടത്തുബോട്ട് മുങ്ങി 4341 പേരാണ് മരിച്ചത്. അമിതമായി ആളുകളെ കുത്തിനിറച്ച ബോട്ട് എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങുകയായിരുന്നു.

Content Highlights: 25 dead after boat capsizes in Philippines