പ്യോങ്‌യാങ്: നിബന്ധനകൾ അംഗീകരിച്ചാൽ ദക്ഷിണകൊറിയയുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. കൊറിയൻയുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജെ ഇന്നിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

നേരത്തേ, ഇന്നിന്റേത് അനവസരത്തിലുള്ള ആശയമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരകൊറിയൻ മന്ത്രി തള്ളിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രശംസനീയമായ ആവശ്യമാണ് ഇൻ പങ്കുവെച്ചതെന്ന് കിം യോ ജോങ് പറഞ്ഞു. പക്ഷേ, ശത്രുതാപരമായ നയങ്ങൾ അവസാനിപ്പിച്ചാൽമാത്രമാകും നിർദേശത്തെക്കുറിച്ച് ചർച്ചചെയ്യുക. യുക്തിരഹിതമായ മുൻവിധികളടക്കമുള്ള വിരുദ്ധമനോഭാവങ്ങൾ അവർ ഉപേക്ഷിക്കണം. എങ്കിലേ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കാനാകൂ -ജോങ് വ്യക്തമാക്കി. 1953-ൽ വെടിനിർത്തലോടെ കൊറിയൻയുദ്ധം അവസാനിച്ചിരുന്നെങ്കിലും സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നില്ല. പിന്നീടും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നിരുന്നു.

കൊറിയൻയുദ്ധം

1950 ജൂൺ 25-ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ഇൽ സുങ് ദക്ഷിണകൊറിയയെ ആക്രമിക്കുകയും തലസ്ഥാനമായ സോൾ പിടിച്ചെടുക്കുകയുംചെയ്തതോടെയാണ് കൊറിയൻ യുദ്ധമാരംഭിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ദക്ഷിണകൊറിയക്കുവേണ്ടിയും ചൈനയും സോവിയറ്റ് യൂണിയനും ഉത്തരകൊറിയക്കുവേണ്ടിയും യുദ്ധത്തിനിറങ്ങി. 1957 ജൂലായ് 27-ന് ഇരുവിഭാഗവും യുദ്ധമവസാനിപ്പിക്കാൻ ധാരണയായി. യുദ്ധത്തിൽ ഇരുകൊറിയകളിലുമായി 20 ലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ഒട്ടേറെ നഗരങ്ങളും ഗ്രാമങ്ങളും തകർക്കുകയുംചെയ്തു.