ലോസ് ആഞ്ജലിസ്: അവസാന ഹിമയുഗത്തിന്റെ അന്ത്യത്തിനും എത്രയോമുമ്പ് മനുഷ്യർ വടക്കെ അമേരിക്കയിൽ വാസമുറപ്പിച്ചതിന് തെളിവുകളുമായി ശാസ്ത്രസംഘം. 16,000 വർഷങ്ങൾക്കു മുന്പാണ് വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ മനുഷ്യരെത്തിയതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഏറ്റവുമൊടുവിൽ മനുഷ്യനെത്തിയതും ഇവിടെയാണ്. എന്നാൽ, 23,000 കൊല്ലങ്ങൾക്ക് മുമ്പ് ജീവിച്ചവരെന്ന് കരുതുന്ന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ വളരെക്കാലംമുമ്പേ വറ്റിപ്പോയ ഒരു തടാകത്തിന്റെ തീരത്തുനിന്നാണ് പുരാതന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. മേഖല ഇപ്പോൾ ന്യൂമെക്സിക്കോ മരുഭൂമിയുടെ ഭാഗമാണ്.

കണ്ടെത്തിയ കാൽപ്പാടുകളിൽ ഭൂരിഭാഗവും കൗമാരക്കാരുടെയും കുട്ടികളുടേതുമാണെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മുതിർന്നവരുടേത് വളരെ കുറവും. ഇതേകാലത്ത് പ്രദേശത്ത് മാമത്തുകളും ഭീമൻ തേവാങ്കുകളും ചെന്നായ്ക്കളുമടക്കമുള്ളവ ജീവിച്ചിരുന്നതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.