മാൻഹട്ടൻ: ‘ബ്ലാക്ക് സിനിമകളുടെ ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ മെൽവിൻ വാൻ പീബിൾസ് അന്തരിച്ചു. 89 വയസ്സായിരുന്നു. മാൻഹട്ടനിലെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. നടൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നോവലിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായി. കറുത്തവർഗക്കാർക്ക് സംവിധാനരംഗത്തേക്ക് കടന്നുവരാൻ ഏറെ ബുദ്ധിമുട്ടായിരുന്ന കാലത്താണ് മെൽവിൻ സിനിമാമേഖലയിലേക്കെത്തുന്നത്. 1957-ൽ പുറത്തിറങ്ങിയ ‘ദ സ്റ്റോറി ഓഫ് എ ത്രീ ഡേ പാസ്’ ആണ് ആദ്യചിത്രം. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ മാരിയോ വാൻ പീബിൾസാണ് മകൻ.