കാബൂൾ: അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ കാബൂളിൽ എട്ടുകുട്ടികൾ പട്ടിണികാരണം വിശന്നു മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി. പട്ടിണിയും വിശപ്പും പടിഞ്ഞാറൻ കാബൂളിനെ പിടികൂടുന്നതായി മുൻ അഫ്ഗാൻ ജനപ്രതിനിധി ഹാജി മുഹമ്മദ് മോഹഖേഖ് ഫെയ്സ്ബുക്കിലെ പോസ്റ്റിൽ പറഞ്ഞു.

ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ താലിബാനു കഴിഞ്ഞിട്ടില്ല. അഫ്ഗാനിെല ഷിയ, ഹസാര സമുദായങ്ങളെ രക്ഷിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹസാര സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് പടിഞ്ഞാറൻ കാബൂൾ.

നേരത്തേ അഫ്ഗാനിസ്താൻ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര പിന്തുണ നേടാൻ കഴിയാത്തതും ഭരണസ്ഥിരത കൈവരിക്കാനാകാത്തതുമാണ് ഭരണത്തിന് വിഘാതംനിൽക്കുന്നത്.