ബെയ്ജിങ്: കോവിഡ് വീണ്ടും വ്യാപിച്ച സാഹചര്യത്തിൽ ചൈന ഞായറാഴ്ച നടത്താനിരുന്ന വുഹാൻ മാരത്തൺ മാറ്റി. ലോകത്ത് കോവിഡ് ആദ്യം സ്ഥിരീകരിക്കപ്പെടുന്ന വുഹാൻ നഗരത്തിൽ നടക്കുന്ന മാരത്തണിൽ 26,000 പേരാണ് പങ്കെടുക്കുക. അടുത്താഴ്ച നടത്താനിരുന്ന ബെയ്ജിങ് മാരത്തണും നീട്ടിയിട്ടുണ്ട്.

ഞായറാഴ്ച 26 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. നീണ്ട ഇടവേളയ്ക്കുശേഷം കോവിഡ് തിരിച്ചെത്തിയതിനെതുടർന്ന് അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കി. ‌

ഗാൻസു പ്രവിശ്യാ തലസ്ഥാനമായ ലാൻഷൗ നഗരത്തിലും ഇന്നർ മംഗോളിയ പ്രവിശ്യയുടെ ചിലഭാഗങ്ങളിലും ബസ് ടാക്സി സർവീസുകൾ നിർത്തി. രാജ്യത്തെത്തിയ വിനോദസഞ്ചാരികളിലൂടെ ഡെൽറ്റ വകഭേദം വ്യാപിച്ചതാണ് ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടാകാൻ കാരണമായത്. അടുത്തവർഷം ഫെബ്രുവരി നാലിന് ബെയ്ജിങ്ങിൽ ശൈത്യകാല ഒളിമ്പിക്സ് തുടങ്ങാനിരിക്കെ കടുത്ത ജാഗ്രതയിലാണ് അധികൃതർ.

ലോകത്ത് 24.42 കോടി രോഗികൾ

വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 24.42 കോടി കടന്നു. ശനിയാഴ്ച 3,73,693 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5749 പേർ മരിച്ചു.

4.62 കോടി പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. ഇന്ത്യ, ബ്രസീൽ, ബ്രിട്ടൻ, റഷ്യ, തുർക്കി, ഫ്രാൻസ്, ഇറാൻ, അർജന്റീന, സ്പെയിൻ എന്നിവയാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ പത്തുസ്ഥാനത്തുള്ളത്.