ബെയ്ജിങ്: ഇന്ത്യയുമായി തർക്കം നിലനിൽക്കവേ അതിർത്തിപ്രദേശങ്ങളുടെ സംരക്ഷണത്തിന് പുതിയ നിയമനിർമാണവുമായി ചൈന. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ശനിയാഴ്ച നിയമത്തിന് അംഗീകാരം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടുചെയ്തു.

ചൈനയുടെ പരമാധികാരത്തെയും അതിർത്തികളെയും ദുർബലപ്പെടുത്തുന്ന പ്രവൃത്തികൾക്കുനേരെ പോരാടാനും അതിർത്തിപ്രദേശങ്ങൾ സംരക്ഷിക്കാനും നടപടികൾ കൈക്കൊള്ളാൻ നിയമം അനുശാസിക്കുന്നു. അതിർത്തികടന്നുള്ള കൈയേറ്റങ്ങൾ, നുഴഞ്ഞുകയറ്റം, പ്രകോപനങ്ങൾ എന്നിവയെ പ്രതിരോധിക്കുകയും പരിശീലനങ്ങൾ സംഘടിപ്പിക്കുകയും വേണമെന്ന് നിയമം സൈന്യത്തോട് നിർദേശിക്കുന്നു. സമത്വം, പരസ്പരവിശ്വാസം, സൗഹൃദപരമായ കൂടിയാലോചനകൾ എന്നിവയിലൂന്നി അയൽരാജ്യങ്ങളുമായുള്ള അതിർത്തിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കണം.

അതിർത്തിപ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അതിർത്തിയിൽ സാമൂഹിക-സാന്പത്തിക വികസനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണം. അടുത്തവർഷം ജനുവരി ഒന്നുമുതലാകും നിയമം പ്രാബല്യത്തിൽ വരുക.

അടുത്തിടെ വ്യോമ, തീവണ്ടി, റോഡ് ശൃംഖലകളുടെ നിർമാണം ഉൾപ്പെടെ ചൈന അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. അരുണാചൽപ്രദേശിനോടുചേർന്ന ടിബറ്റൻ പട്ടണമായ നയിങ്ചിയിൽ ആരംഭിച്ച ബുളറ്റ് തീവണ്ടിസർവീസും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കുപുറമേ മറ്റു 12 അയൽരാജ്യങ്ങളുമായി ചൈനയ്ക്ക് അതിർത്തിത്തർക്കങ്ങളുണ്ട്.