കാലിഫോർണിയ: ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനാവുമോ എന്നു പരീക്ഷിക്കാനായി നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് (ഡാർട്ട്) പേടകം പുറപ്പെട്ടു. ബുധനാഴ്ച രാവിലെ ഇന്ത്യൻസമയം രാവിലെ 11.50-ന് കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. ഫാൽക്കൺ 9 റോക്കറ്റാണ് ഡാർട്ടിനെ വഹിക്കുന്നത്.

160 മീറ്റർ വലുപ്പമുള്ള ഡിമോർഫോസ് എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടാണ് ഡാർട്ട് നീങ്ങുന്നത്. ഒരുകൊല്ലത്തോളം സഞ്ചരിച്ച് അടുത്ത സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ സെക്കൻഡിൽ 6.6 കിലോമീറ്റർ വേഗത്തിൽ ഡാർട്ട് ഡിമോർഫോസുമായി കൂട്ടിയിടിക്കും. ഇടിയുടെ ആഘാതത്തിൽ അതിന്റെ ഭ്രമണപഥത്തിൽ മാറ്റംവരുമോയെന്നാണ് പരീക്ഷിക്കുക. വിജയിച്ചാൽ ഡിമോർഫോസിന്റെ ഭ്രമണപഥവും ചുരുങ്ങും. അപകടമുണ്ടാക്കുന്ന തരത്തിൽ ഭൂമിയിൽ അടുത്തകാലത്തൊന്നും ഛിന്നഗ്രഹങ്ങൾ പതിക്കാനിടയില്ലെങ്കിലും ഭാവിയിൽ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അതിനാൽ ദൗത്യം വിജയിച്ചാലും പരാജയപ്പെട്ടാലും ഭാവിയിലെ കണ്ടുപിടിത്തങ്ങൾക്ക് ഡാർട്ട് കരുത്തുപകരും. ഒന്നരമീറ്റർ നീളവും 612 കിലോഗ്രാം ഭാരവുമാണ് ഡാർട്ടിനുള്ളത്. 2417 കോടി രൂപയാണ് പദ്ധതിച്ചെലവ്.