ന്യൂയോർക്ക്: രണ്ടുകാലിൽ നടന്നും വാലില്ലാക്കുരങ്ങിനെപ്പോലെ മരത്തിൽതൂങ്ങിയും ജീവിച്ച മനുഷ്യന്റെ പുരാതനബന്ധുക്കളെ തിരിച്ചറിഞ്ഞു. 20 ലക്ഷം കൊല്ലംമുമ്പ് ജീവിച്ചിരുന്ന ആസ്ത്രലോപിതേക്കസ് സെഡിബ എന്ന വിഭാഗത്തിൽപെട്ട പെണ്ണിന്റെ ഫോസിലിൽ നിന്നാണ് ഇക്കൂട്ടരുടെ സവിശേഷസ്വഭാവം ഗവേഷകർ മനസ്സിലാക്കിയത്. 2015-ൽ ജൊഹാനാസ്ബർഗിനു സമീപമുള്ള ക്രാഡിൽ ഓഫ് ഹ്യൂമൺകൈൻഡ് ലോകപൈതൃകകേന്ദ്രത്തിലെ മലപ എന്ന സ്ഥലത്തുനിന്നുലഭിച്ച ഏകദേശം പൂർണരൂപത്തിലുള്ള ഫോസിലിന് ഇസ്സ എന്നാണ് പേരുനൽകിയത്. ഇതിന്റെ നട്ടെല്ലും സന്ധികളും വിശദമായി പരിശോധിച്ചു. കാലുകൾ നടക്കാനും കൈകൾ തൂങ്ങാനുമാവാം ഇവർ ഉപയോഗിച്ചതെന്ന് ഗവേഷകർ പറയുന്നു.

ന്യൂയോർക്ക് സർവകലാശാലയിലെയും വിത്‌വാട്ടർസ്ട്രാൻഡ് സർവകലാശാലയിലെയും ഗവേഷകരും മറ്റ് 15 സ്ഥാപനങ്ങളും ചേർന്നാണ് പഠനം നടത്തിയത്. ഇ-ലൈഫ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.