വത്തിക്കാൻ: ചൈനയിലെ ഉയ്ഗുർ മുസ്‌ലിങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യാവകാശ സംഘടനകളുടെ കാലങ്ങളായുള്ള ഈ ആരോപണത്തെക്കുറിച്ച് ആദ്യമായാണ് മാർപാപ്പ തുറന്നു സംസാരിക്കുന്നത്. ലെറ്റ് അസ് ഡ്രീം: ദ പാത് ടു എ ബെറ്റർ ഫ്യൂച്ചർ എന്ന പുസ്തകത്തിലാണ് മാർപാപ്പയുടെ പരാമർശം.
പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന ജനതയെന്ന് ഞാൻ കരുതുന്നത് റോഹിംഗ്യകളെയും ഉയ്ഗുറുകളെയും യസീദികളെയുമാണ് എന്നാണ് മാർപാപ്പ എഴുതിയത്. ഇസ്‌ലാമിക രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ പരാമർശവും ഉളളത്. മ്യാൻമാറിൽനിന്ന് ഓടിപ്പോവേണ്ടിവന്ന റോഹിംഗ്യകളെക്കുറിച്ചും ഇറാഖിൽ കൂട്ടക്കൊല ചെയ്യപ്പെട്ട യസീദികളെക്കുറിച്ചും മാർപാപ്പ നേരത്തേ സംസാരിച്ചിട്ടുണ്ട്.
ജീവചരിത്രകാരൻ ഓസ്റ്റൻ ഐവെറിഗുമായി ചേർന്നു തയ്യാറാക്കിയ 150 പേജുള്ള പുസ്തകത്തിൽ യു.എസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിൽ നടന്ന പ്രതിഷേധത്തെ സ്വാഗതംചെയ്യുന്നുമുണ്ട്. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചൈനയുമായി വിവാദ കരാർ പുതുക്കാൻ ശ്രമിക്കുന്നതിനാലാണ് ഉയ്ഗുറുകളെക്കുറിച്ച് സംസാരിക്കാൻ വത്തിക്കാൻ വിമുഖത കാട്ടുന്നതെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. വിവാദകരാർ സെപ്റ്റംബറിൽ പുതുക്കി.
ചൈനയിലെ സിൻജിയാങ്ങിൽ പത്തുലക്ഷത്തിലേറെ ഉയ്ഗുറുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്.
വിമർശിച്ച് ചൈന
അതേസമയം, ഉയ്ഗുറുകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവന ചൈന നിഷേധിച്ചു. പരാമർശം വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്ന് വിദേശകാര്യവക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. എല്ലാ ഗോത്രവിഭാഗക്കാരും ചൈനയിൽ പൂർണമായും അവകാശങ്ങൾ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.