ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ട്വിറ്ററിൽ യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് എമിറേറ്റ്‌സ് ഇക്കാര്യമറിയിച്ചത്. വ്യക്തമായ മാർഗനിർദേശം വന്നാൽ മാറ്റമുണ്ടായേക്കാമെന്നും എമിറേറ്റ്‌സ് അറിയിപ്പിലുണ്ട്. ഫ്ളൈ ദുബായും സമാന അറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലായ് ആറുവരെ സർവീസുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്‌പ്രസും ഔദ്യോഗികമായി അറിയിച്ചിരുന്നു.

യു.എ.ഇ. പ്രവേശനവിലക്ക് അവസാനിപ്പിച്ച ജൂൺ 23 മുതൽ ഇന്ത്യയിൽനിന്ന് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ, നാട്ടിൽനിന്ന് യാത്രക്കാർ എടുക്കേണ്ട റാപ്പിഡ് ടെസ്റ്റ്, ദുബായിൽ എത്തിയശേഷമുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ എന്നീ കോവിഡ് നിർദേശങ്ങളിലെ അവ്യക്തത ഇപ്പോഴുമുള്ളതിനാൽ അടുത്തമാസം ആറുവരെ സർവീസ് നടത്താനാവില്ല എന്നാണ് പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം. ജൂലായ് ഏഴുമുതൽ സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്നും അനൗദ്യോഗികവിവരമുണ്ട്. എന്നാൽ, ജൂലായ് ആറിനുശേഷം എന്തുചെയ്യണമെന്ന കാര്യത്തിൽ യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിമാനക്കമ്പനികൾ.

റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം സജ്ജമാക്കിയതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. സിയാൽ ഡിപ്പാർച്ചർ ടെർമിനൽ മൂന്നിൽ രണ്ട് എന്നെഴുതിയ തൂണിന് സമീപമാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും അടുത്തുതന്നെ റാപ്പിഡ് ടെസ്റ്റ് സൗകര്യമൊരുക്കുമെന്നാണ് അറിയിപ്പ്. എന്നാൽ 3400 രൂപവരെയാണ് റാപ്പിഡ് ടെസ്റ്റിന്റെ നിരക്കെന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്.