ഒട്ടാവ: പടിഞ്ഞാറൻ കാനഡയിൽ തദ്ദേശീയരായ കുട്ടികൾ പഠിച്ചിരുന്ന മുൻ കത്തോലിക്കൻ സ്കൂളിൽ അജ്ഞാതമായ നൂറുകണക്കിന് ശവക്കുഴികൾ കണ്ടെത്തി. മരിയേവേലിലെ സ്കൂൾ സ്ഥിതിചെയ്തിരുന്ന പ്രദേശത്ത് മേയ് അവസാനത്തോടെ ആരംഭിച്ച ഖനനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

1899-1997 കാലഘട്ടത്തിൽ സ്കൂളിൽ തദ്ദേശീയരായ കുട്ടികളെ പാർപ്പിച്ചിരുന്നു. കാനഡയിൽ ക്രിസ്ത്യൻസഭകൾ നടത്തിയിരുന്ന ഇത്തരം സ്കൂളുകളിൽ 1990 വരെ 1.5 ലക്ഷത്തോളം കുട്ടികൾക്കാണ് നിർബന്ധിത വിദ്യാഭ്യാസം നൽകിയത്.

ഇവിടെ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ലൈംഗികചൂഷണങ്ങൾക്കും ഒട്ടേറെ കുട്ടികൾ ഇരയായതായും 4000-ത്തോളം പേർ കൊല്ലപ്പെട്ടതായും സർക്കാർ നിയോഗിച്ച കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തദ്ദേശീയർക്കെതിരായ സാംസ്കാരിക വംശഹത്യയെന്നാണ് നടപടികളെ കമ്മിഷൻ വിശേഷിപ്പിച്ചത്.

നേരത്തേ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മറ്റൊരു സ്കൂളിൽ 215 വിദ്യാർഥികളുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവങ്ങളിൽ കത്തോലിക്കാസഭ മാപ്പുപറയാൻ തയ്യാറാകണമെന്ന് കാനഡ ആവശ്യപ്പെട്ടു.