മഡ്രിഡ്: സ്പെയിനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മകഫീ ആന്റി വൈറസ് സോഫ്റ്റ്‌വേർ സ്രഷ്ടാവും ബിസിനസുകാരനുമായ ജോൺ ഡേവിഡ് മകഫീ ആത്മഹത്യ ചെയ്തതെന്ന് നിഗമനം. നികുതിവെട്ടിപ്പ് കേസിൽ തടവിൽ കഴിയുന്ന 75-കാരനായ മകഫീയെ യു.എസിനു കൈമാറാൻ സ്പാനിഷ് കോടതി സമ്മതിച്ചതിനു പിന്നാലെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നു സംശയിക്കുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കി. ബാഴ്സലോണ വിമാനത്താവളത്തിൽ കഴിഞ്ഞവർഷം ഒക്ടോബറിലാണ് മകഫീ അറസ്റ്റിലാകുന്നത്. 2014-നും 2018-നും ഇടയിൽ യു.എസിൽ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയിരുന്നു. ഇതിലൂടെ 1.2 കോടി യു.എസ്. ഡോളർ (889 കോടി രൂപ) സ്വന്തമാക്കിയതായാണ് ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാൽ 30 വർഷംവരെ തടവ് ലഭിക്കുമായിരുന്നു.

ബുധനാഴ്ച രാവിലെയാണ് മകഫീയെ യു.എസിനു കൈമാറാമെന്നു സ്പെയിനിലെ ദേശീയ കോടതി അനുമതി നൽകിയത്. ഇതിനെതിരേ അദ്ദേഹത്തിന് അപ്പീൽ നൽകാമായിരുന്നു. സ്പെയിൻ മന്ത്രിസഭയുടെ അംഗീകാരവും കൈമാറ്റത്തിന് വേണ്ടിയിരുന്നു.

2016-ലും 2020-ലും യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടയാളാണ് മകഫീ. 2012-ൽ അയൽവാസിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായ അദ്ദേഹം സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യം വിടുകയായിരുന്നു.