ടോക്യോ: കിഴക്കൻ ചൈനീസ് കടലിലിലെ ചൈനയുമായി തർക്കം നിലനിൽക്കുന്ന ദ്വീപിൽ ജപ്പാനുള്ള പിന്തുണ തുടരുമെന്ന് യു.എസ്. വ്യക്തമാക്കി. യു.എസ്. പ്രതിരോധ െസക്രട്ടറിയായി അധികാരമേറ്റ ലോയ്ഡ് ഓസ്റ്റിൻ ജാപ്പനീസ് പ്രതിരോധ സെക്രട്ടറി നോബുവോ കിഷിയുമായി നടത്തിയ ഫോൺ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കിഴക്കൻ ചൈനാക്കടലിൽ സെൻകാകുവെന്ന് ജപ്പാനും ദിയാവുവെന്ന് ചൈനയും വിളിക്കുന്ന ദ്വീപസമൂഹത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്. വൻതോതിൽ പ്രകൃതി ശേഖരമുണ്ടെന്ന് കരുതുന്ന ദ്വീപുകൾ ഇപ്പോൾ ജപ്പാന്റെ കൈവശമാണ്.
യു.എസ്.-ജപ്പാൻ സുരക്ഷാ ഉടമ്പടിയിൽ ജപ്പാനുമേലുള്ള യു.എസിന്റെ പ്രതിരോധ ബാധ്യത വ്യക്തമാക്കുന്ന അഞ്ചാം വകുപ്പ് സെൻകാകു ദ്വീപുകൾക്കും ബാധകമാണെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കി.
തെക്കൻ ചൈനാക്കടലിൽ ചൈന നടത്തുന്ന പ്രവൃത്തികളിൽ ജപ്പാൻ ആശങ്കാകുലരാണ്. ചൈനീസ് കപ്പലുകൾ പലതവണ ദ്വീപിലെത്തിയത് ജപ്പാന്റെ കടുത്ത എതിർപ്പിന് വഴിയൊരുക്കിയിരുന്നു. സ്വകാര്യ വ്യക്തിയുടെ കൈയിൽനിന്ന് തർക്ക ദ്വീപുകൾ ജപ്പാൻ സർക്കാർ വാങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്.