കൊളംബോ: ശ്രീലങ്കയിൽ രണ്ടുകൊല്ലംമുമ്പ് ഈസ്റ്റർ ദിനത്തിൽ 279 പേർ കൊല്ലപ്പെട്ട ബോംബാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും രഹസ്യാന്വേഷണ മേധാവികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണറിപ്പോർട്ട്. നേരത്തേ മുന്നറിയിപ്പ് ലഭിച്ചിട്ടും ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നവർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ 21-ലാണ് രാജ്യത്തെ പ്രധാനപ്പെട്ട മൂന്നുഹോട്ടലുകൾക്കും മൂന്ന് ക്രൈസ്തവപള്ളികൾക്കുംനേരെ ഭീകരാക്രമണമുണ്ടായത്.

സംഭവത്തെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗം ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആക്രമണസാധ്യതയെക്കുറിച്ച് 17 ദിവസംമുമ്പേ സൂചന ലഭിച്ചിട്ടും വിഷയം അശ്രദ്ധമായാണ് ഭരണകൂടം കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. രഹസ്യാന്വേഷണവിഭാഗം മേധാവി നിലന്ത ജയവർധന, പോലീസ് ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര, പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഹേമസിരി ഫെർണാണ്ടോ എന്നിവർക്കെതിരേയും റിപ്പോർട്ടിൽ അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. 440 സാക്ഷിമൊഴികൾ പരിശോധിച്ച കമ്മിഷൻ, റിപ്പോർട്ട് ചൊവ്വാഴ്ച പാർലമെന്റിന് കൈമാറി.