ഗ്വായക്വിൽ: എക്വഡോറിലെ മൂന്നു ജയിലുകളിൽ ചൊവ്വാഴ്ച തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 62 പേർ മരിച്ചു. പോലീസുകാരടക്കം ഏതാനുംപേർക്ക് പരിക്കുമുണ്ട്. പടിഞ്ഞാറൻ തുറമുഖനഗരമായ ഗ്വായക്വിലിലെ ജയിലിലുണ്ടായ സംഘർഷത്തിൽ 21 പേരാണ് മരിച്ചത്. സുരക്ഷാസേനയെത്തിയാണ് ഇവിടെ സ്ഥിതിഗതികൾ ശാന്തമാക്കിയത്. ക്വെൻകയിലെ ജയിലിൽ 32 പേരും ലാറ്റകുംഗയിൽ ഒമ്പതുപേരും മരിച്ചു. സംഘർഷവാർത്ത പുറത്തുവന്നതിനുപിന്നാലെ തടവുപുള്ളികളുടെ ബന്ധുക്കൾ ജയിലുകൾക്കു പുറത്തെത്തി പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. തടവറകൾക്ക് ഉൾക്കൊള്ളാവുന്ന പരിധിയിലധികമാളുകളെ പാർപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. തടവുപുള്ളികൾ പുറത്തുള്ള ബന്ധുക്കൾക്ക് മരണഭീതിയോടെ അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ക്രിമിനൽസംഘങ്ങളാണ് സംഘർഷത്തിനുപിന്നിലെന്ന് പ്രസിഡന്റ് ലെനിൻ മൊറെനോ പ്രതികരിച്ചു. ഇനിയും സംഘർഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ജയിലുകളിലെല്ലാം സൈന്യത്തെ വിന്യസിച്ചു.