ബെയ്ജിങ്: വർഷങ്ങളോളംചെയ്ത വീട്ടുജോലികൾക്ക് ‘കൂലി’യായി ഭർത്താവ് മുൻഭാര്യക്ക് 8000 ഡോളർ (ഏകദേശം 5.78 ലക്ഷം രൂപ) നൽകണമെന്ന് ചൈനീസ് കോടതിയുടെ ചരിത്രവിധി. ഇതിനുപുറമേ, ഏകദേശം 22,000 രൂപ പ്രതിമാസം ജീവനാംശവും നൽകണം.

ഈവർഷം പ്രാബല്യത്തിൽവന്ന രാജ്യത്തെ പുതിയ നിയമപ്രകാരം, വീട്ടിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിവന്ന പങ്കാളിക്ക് വിവാഹമോചനവേളയിൽ നഷ്ടപരിഹാരത്തിന് അഭ്യർഥിക്കാൻ അവകാശമുണ്ട്. വാങ് എന്ന വനിതയുന്നയിച്ച ആവശ്യം പരിഗണിച്ചാണ് ബെയ്ജിങ്ങിലെ ഫാങ്ഷാൻ ജില്ലാകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്. 2015-ലാണ് വാങ്ങും ചെന്നും വിവാഹിതരായത്. അഞ്ചുവർഷത്തിനിടെ കുഞ്ഞിനെ പരിപാലിക്കുകയും വീട്ടുജോലികൾ ചെയ്തതും താനാണെന്ന് വിവാഹമോചനക്കേസ് പരിഗണിക്കവേ വാങ് കോടതിയെ അറിയിച്ചു. ഭർത്താവ് ചെൻ ജോലിക്കുപോകുന്നതിനപ്പുറം മറ്റേതെങ്കിലും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയോ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും വാങ് നൽകിയ പരാതിയിൽ പറയുന്നു. ചൈനയിലെ സ്ത്രീകൾ ദിവസേന ശരാശരി നാലുമണിക്കൂറോളം വീട്ടുജോലിയിലേർപ്പെടുന്നുവെന്നാണ് സാമ്പത്തിക സഹകരണ വികസനസംഘടനയുടെ (ഒ.ഇ.സി.ഡി.) കണക്ക്. പുരുഷന്മാരേക്കാൾ 2.5 മടങ്ങ് അധികമാണിത്.