ബെർലിൻ: പതിനാറുവർഷം ജർമനിയെ നയിച്ച ആംഗേല മെർക്കൽ ചാൻസലർസ്ഥാനത്തുനിന്ന്‌ പടിയിറങ്ങുന്നു. പകരക്കാരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.

സ്ഥാനമൊഴിയുന്നത് മെർക്കലിന്റെ സ്വയം തീരുമാനപ്രകാരമാണെന്നും അഞ്ചാംതവണയും മത്സരിക്കാൻ മെർക്കൽ തീരുമാനിച്ചിരുന്നുവെങ്കിൽ റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നും ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. 2005-ലാണ് ജർമനിയുെട ആദ്യ വനിതാ ചാൻസലറായി മെർക്കൽ സ്ഥാനമേറ്റത്. സ്വവർഗവിവാഹത്തിന് അനുമതി നൽകൽ, ആണവോർജപദ്ധതികളിൽനിന്ന്‌ വിട്ടുനിൽക്കൽ, സൗഹൃദപരമായ കുടിയേറ്റനയങ്ങൾ എന്നിവയിലൂടെ ലോകത്തെത്തന്നെ ഏറ്റവും കരുത്തുള്ള നേതാക്കളിലൊരാളായാണ് മെർക്കൽ വിലയിരുത്തപ്പെടുന്നത്.

കോവിഡ് വ്യാപനവും 2008-ലെ സാമ്പത്തികപ്രതിസന്ധികളും ജർമനി വിജയകരമായി മറികടന്നതും മെർക്കലിന്റെ നിശ്ചയദാർഢ്യത്തിൻറെയും അധികാരപാടവത്തിന്റെയും സാക്ഷ്യമായാണ് വിലയിരുത്തൽ.

ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനും(സി.ഡി.യു.), ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനും(സി.എസ്.യു.) അടങ്ങുന്ന മുന്നണിയുടെ സ്ഥാനാർഥിയായി മുൻ വൈസ് ചാൻസലറായ അർമിൻ ലാഷെയാണ് മത്സരിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കുവണ്ടി ഒലഫ് സ്കോൾസും ഗ്രീൻ പാർട്ടിക്കുവേണ്ടി വനിത അന്നാലെനയും മത്സരിക്കുന്നു.