ദുബായ്: വിദേശയാത്രക്കാർക്ക് ഗൾഫ് നാടുകൾ ഇളവു നൽകിത്തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. മുഖാവരണം വേണ്ടാത്തൊരു ആഘോഷകാലത്തേക്ക് കടക്കുകയാണ് ഗൾഫ് നാടുകൾ. ഇന്ത്യയിൽനിന്ന് ദിനംപ്രതി ഒട്ടേറെ പ്രവാസികളാണ് ഗൾഫിലേക്ക് പറക്കുന്നത്. വിമാനയാത്രകൾക്ക് ചെറിയ നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും യാത്രക്കാരുടെ തിരക്കിന് കുറവില്ല. ടിക്കറ്റ് നിരക്ക് എത്രയായാലും പ്രതീക്ഷയോടെ തൊഴിൽതേടി പറന്നെത്തുന്നവരാണ് അധികവും.

യു.എ.ഇ.യിൽ ചില പൊതുയിടങ്ങളിൽ മുഖാവരണം ധരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. രണ്ടുവർഷത്തിനുമുമ്പുള്ള ജീവിതത്തിലേക്ക് ഗൾഫ് നാടുകൾ സജീവമാകാനൊരുങ്ങുമ്പോൾ കോവിഡ് പ്രതിദിന സംഖ്യയിലുണ്ടായ കുറവും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോകമഹാമേളയായ ‘എക്സ്‌പോ 2020’ ദുബായിൽ അരങ്ങേറാൻ ഇനിയുള്ളത് ഏതാനും ദിവസങ്ങൾമാത്രമാണ്. രണ്ടുകോടിയിലേറെ ജനങ്ങളാണ് എക്സ്‌പോയിലേക്ക് എത്തുക. യു.എ.ഇ.യിലെ ഹോട്ടലുകളെല്ലാം സന്ദർശകരെകൊണ്ട് നിറയും. അതോടെ ഗൾഫിലെ ടൂറിസം മേഖലയുടെ പഴയകാല പ്രതാപം പൂർണമായും മടങ്ങിയെത്തും. കാലാവസ്ഥ മാറി തണുപ്പുകാലത്തേക്ക് പ്രവേശിക്കാനും ഇനി ഏതാനും ദിവസങ്ങൾമാത്രം.

സൗദി അറേബ്യ ദേശീയദിനാഘോഷങ്ങൾ അതിഗംഭീരമായാണ് ആഘോഷിച്ചത്. ഫിഫ ലോകകപ്പിനായുള്ള ആറാമത് സ്റ്റേഡിയം ‘അൽ തുമാമ’ മത്സരങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. യു.എ.ഇ.യിൽ കോവിഡ് വാക്സിനേഷൻ ഏതാണ്ട് 90 ശതമാനത്തിനുമുകളിലെത്തി. സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണംകുറഞ്ഞു. മരണസംഖ്യയിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. സാഹചര്യങ്ങളെല്ലാം ഒത്തുവരുന്നതോടെ എല്ലാ അർഥത്തിലും ഗൾഫ് സാമ്പത്തികമേഖലയിൽ അത് പ്രതിഫലിക്കും.

അടുത്തവർഷം ദുബായിയുടെ മാത്രം സാമ്പത്തികരംഗം 3.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഭരണാധികാരികളുടെ പ്രതീക്ഷ. അതിവേഗ നടപടികളും വ്യക്തമായ ലക്ഷ്യങ്ങളും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം വികസനയാത്രയിലെ പ്രധാന ഘടകങ്ങളാണെന്നത് പ്രതീക്ഷ നൽകുന്നുണ്ട്. എട്ടുമാസത്തിനിടെ ദുബായ് ചേംബറിൽ രജിസ്റ്റർചെയ്തത് 16,000 കമ്പനികളാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഏറ്റവും ഇഷ്ടപ്പെട്ട വ്യവസായ, നിക്ഷേപ സാധ്യതയുള്ള നഗരമായി ദുബായ് മാറിയതിന് തെളിവാണിത്. എക്സ്‌പോ 2020, പുതുതായി പ്രഖ്യാപിച്ച അടുത്ത 50 വർഷത്തേക്കുള്ള പദ്ധതിയുമെല്ലാം ദുബായിൽ നിക്ഷേപിക്കാൻ കൂടുതൽപ്പേർക്ക് പ്രചോദനമാണ്.

പ്രതിദിനം 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണ വിപണിയിലെത്തിക്കുന്ന നിലയിലേക്ക് സാഹചര്യം സജ്ജമാക്കുമെന്ന് പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ സംഘടനയായ ഒപെക് അവകാശപ്പെടുന്നുണ്ട്. കോവിഡിനുമുമ്പുള്ളതിനെക്കാൾ എണ്ണ ആവശ്യകത 2022-ൽ ഉയരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമേഖലയ്ക്ക് ശക്തമായ തിരിച്ചുവരവിനുള്ള സാഹചര്യമാണ് ഇതൊരുക്കുക.