റിയാദ്: സൗദി അറേബ്യ മാർച്ച് 24-നുമുമ്പ് അനുവദിച്ചിട്ടുള്ള സന്ദർശകവിസകളുടെയും ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടിനൽകിയതായി വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ഇത്തരം വിസകളുടെ കാലാവധി നീട്ടാൻ നടപടി തുടങ്ങിയതായും വിസ അനുവദിച്ചവർക്ക് മന്ത്രാലയത്തിൽനിന്ന് ഇ-മെയിൽവഴി വിവരം അയച്ചതായും അധികൃതർ വ്യക്തമാക്കി. 2021 ഓഗസ്റ്റ് ഒന്നിന് ടൂറിസ്റ്റ് വിസകളിലുള്ളവർക്ക് സൗദി പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ നിബന്ധനകളില്ലാതെ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാം. ഇതിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ്, യാത്രയ്ക്ക് 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് ഫലം എന്നിവ ഹാജരാക്കണം.

bbതാമസവിസക്കാർ വേഗം മടങ്ങിയെത്തണമെന്ന് ഒമാൻ

bbമസ്കറ്റ്: താമസവിസയുള്ളവർ നാട്ടിൽ തുടരുന്നുണ്ടെങ്കിൽ വിസാ കാലാവധി കഴിയുന്നതിനുമുമ്പേ മടങ്ങിയെത്തണമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. കോവിഡ് കാലത്തെ ഇളവുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

താമസവിസയുള്ളവർ നാട്ടിൽനിന്നുകൊണ്ടുതന്നെ വിസ ഓൺലൈനായി പുതുക്കിയിരുന്ന സംവിധാനം ഇനിയില്ല. വിസാകാലാവധി കഴിഞ്ഞും നാട്ടിൽ തുടരുന്നവരുണ്ടെങ്കിൽ അവർക്ക് ഇനി പുതിയവിസയിൽ വരേണ്ടിവരും. കാലാവധികഴിഞ്ഞ തൊഴിൽ വിസയിലുള്ളവർക്ക് ഡിസംബർ അവസാനംവരെ സമയം നൽകിയിട്ടുണ്ട്.

ഒമാനിനുപുറത്തുള്ള പ്രവാസിതൊഴിലാളികളുടെ കാലാവധി അവസാനിച്ച തൊഴിൽ അനുമതിപത്രങ്ങൾ തൊഴിലുടമയ്ക്ക് പുതുക്കാമെന്നും ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു. ഒമാനിനുപുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസിതൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണ് പുതിയ തീരുമാനം.