ദുബായ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സാമൂഹികമാധ്യമത്തിലൂടെ വിമർശിച്ച് യു.എ.ഇ. രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി.

വർഷങ്ങൾക്കുമുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ച വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജകുമാരി രൂക്ഷവിമർശനം ഉന്നയിച്ചത്. ‘ആരാണിയാൾ’? എങ്ങനെയാണ് ഇയാൾക്കിത് പറയാൻ പറ്റുന്നത്? ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്? എന്നായിരുന്നു ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ വിമർശനപരമായ ചോദ്യം. ’ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ’ എന്ന പേരിൽ യോഗി ആദിത്യനാഥ് ഔദ്യോഗിക വെബ്‌സൈറ്റിൽ വർഷങ്ങൾക്ക് മുമ്പെഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു രാജകുടുംബാംഗത്തിന്റെ വിമർശനം. തനിച്ച് സഞ്ചരിക്കാൻ സ്ത്രീകൾക്ക് കഴിവില്ലെന്നും സ്ത്രീകൾ സ്വാതന്ത്ര്യത്തിന് അർഹരല്ലെന്നും അവർ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നുമായിരുന്നു ലേഖനത്തിൽ പറയുന്നത്.

അതോടൊപ്പം തന്നെ യു.എ.ഇ. ജനാധിപത്യ രാജ്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന ഇന്ത്യക്കാരന്റെ റീട്വീറ്റിന് അവർ മറുപടി നൽകി. ’ഞങ്ങൾ ലിംഗഭേദത്തെ ബഹുമാനിക്കുന്നവരാണ്. വിദേശികൾ ഞങ്ങളുടെ സുഹൃത്തുക്കളാണ്. യു.എ.ഇ.യിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന കാര്യം ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കണമെന്നും’ രാജകുമാരി പ്രതികരിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ വർഗീയ വിദ്വേഷ പരാമർശം നടത്തിയവർക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി യു.എ.ഇ. രാജകുടുംബാംഗം രംഗത്തെത്തിയിരുന്നു. വിദ്വേഷ ട്വിറ്റർ പോസ്റ്റുകൾ ഉദാഹരണമാക്കി രാജ്യത്തെ പ്രവാസികൾക്ക് ഇവർ മുന്നറിയിപ്പും നൽകിയിരുന്നു. വിദ്വേഷ പരാമർശം നടത്തിയ ഇന്ത്യക്കാരന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു മുന്നറിയിപ്പ്.

യു.എ.ഇ.യിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയും വ്യവസായ പ്രമുഖരിലൊരാൾ കൂടിയുമാണ് ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി.