വാഷിങ്ടൺ: വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖായിദയുടെ മുതിർന്ന നേതാവ് അബ്ദുൾ ഹമീദ് അൽ മാതറിനെ വധിച്ചതായി യു.എസ്. തെക്കൻ സിറിയയിലെ യു.എസ്. സൈനിക താവളത്തിനുനേരെ ഭീകരാക്രമണമുണ്ടായതിനുപിന്നാലെ നടത്തിയ ദൗത്യത്തിലാണ് അൽ മാതർ കൊല്ലപ്പെട്ടത്. എം.ക്യു.-9 ഡ്രോൺ വിമാനമാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വക്താവ് മേജർ ജോൺ റിഗ്സ്ബീ പറഞ്ഞു. യു.എസ്. പൗരർക്കും സഖ്യകക്ഷികൾക്കുമെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ള അൽഖായിദയുടെ ശക്തി ഇയാളുടെ മരണത്തോടെ കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഭീകരരെ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങൾ തുടരുകയാണ്.