അബുജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ അക്രമിസംഘം ജയിൽ ആക്രമിച്ച് 1000 തടവുകാരെ മോചിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഒായോ സംസ്ഥാനത്തെ ജയിലിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടാകുകയായിരുന്നു.

ജയിൽചാടിയ തടവുകാരിൽ ഒട്ടേറെപ്പേരെ പിടികൂടിയതായും ഇതിനായുള്ള ദൗത്യം തുടരുകയാണെന്നും ജയിൽ വക്താവ് അറിയിച്ചു. ഒട്ടേറെ പ്രദേശങ്ങൾ ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള നൈജീരിയയിൽ ജയിലുകൾ ആക്രമിച്ച് തടവുകാരെ മോചിപ്പിക്കുന്നത് സാധാരണമാണ്. കഴിഞ്ഞ സെപ്റ്റംബർ 13-ന് കോഗി സംസ്ഥാനത്തെ ജയിൽ ആക്രമിച്ച് 240 തടവുകാരെ മോചിപ്പിച്ചിരുന്നു. ഏപ്രിലിൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ മറ്റൊരു ജയിലിനുനേരെയുണ്ടായ ആക്രമണത്തിൽ 1800 തടവുകാരെ മോചിപ്പിച്ചിരുന്നു.