ലോസ് ആഞ്ജലിസ്: യു.എസിൽ സിനിമാചിത്രീകരണത്തിനിടെ ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് വെടിയേറ്റുമരിച്ച സംഭവത്തിൽ യഥാർഥ തോക്കാണെന്നു കരുതിയില്ലെന്ന് നടൻ അലെക് ബാൾഡ്‌വിനിന്റെ മൊഴി. സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടാണ് സഹസംവിധായകൻ ഡേവ് ഹാൾസ് ചിത്രീകരണവേളയിലുപയോഗിച്ച പ്രോപ് തോക്ക് തനിക്കു കൈമാറിയത്. തോക്കിൽ വെടിയുണ്ടയുണ്ടെന്ന വിവരം ഡേവിഡിന് അറിയില്ലായിരുന്നുവെന്നും ബാൾഡ്‌വിൻ മൊഴി നൽകി.

വ്യാഴാഴ്ച റസ്റ്റ് സിനിമയുടെ സെറ്റിൽനടന്ന അപകടത്തിൽ അലെക് ബാൾഡ്‌വിനിന്റെ തോക്കിൽനിന്ന്‌ നെഞ്ചിനു വെടിയേറ്റാണ് ഹലൈന കൊല്ലപ്പെട്ടത്. അവരുെട പിന്നിൽ നിൽക്കുകയായിരുന്ന സംവിധായകൻ ജോയൽ സൗസയ്ക്ക് തോളിൽ വെടിയേറ്റു. ചികിത്സയിലായിരുന്ന ജോയൽ ആശുപത്രി വിട്ടിട്ടുണ്ട്.

അപകടത്തിനുപിന്നാലെ സിനിമയിലെ ജോലിസാഹചര്യങ്ങൾ മോശമാണെന്നു ചൂണ്ടിക്കാട്ടി ക്യാമറപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. തോക്കിനൊപ്പം ബാൾഡ്‌വിനിന്റെ രക്തംപുരണ്ട വസ്ത്രങ്ങളും തെളിവായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകളും മറ്റു പ്രോപ് തോക്കുകളും പോലീസ് പിടിച്ചെടുത്തു. ഇതുവരെ ആരുടെയും അറസ്റ്റുരേഖപ്പെടുത്തിയിട്ടില്ല.