മോസ്കോ: കരിങ്കടലിലെ ക്രിമിയയ്ക്കുസമീപം സമുദ്രാതിർത്തി ലംഘിച്ച ബ്രിട്ടീഷ് യുദ്ധക്കപ്പലിനുനേരെ മുന്നറിയിപ്പായി വെടിയുതിർത്തെന്ന് റഷ്യ. കപ്പലിന്റെ ഗതി മാറ്റാൻ കപ്പൽപ്പാതയിൽ എസ്.യു. 24 എം. യുദ്ധവിമാനത്തിൽനിന്ന് നാലുതവണ ബോംബുകൾ വർഷിച്ചെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

മിനുട്ടുകൾക്കുശേഷം കപ്പൽ റഷ്യൻ അതിർത്തി വിട്ടതായും നടപടിയിൽ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചതായും മന്ത്രാലയം പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ ബ്രിട്ടൻ നിഷേധിച്ചു. യുക്രൈൻ സമുദ്രമേഖലയിലൂടെ കടന്നുപോവുകയായിരുന്നു നാവികസേനയുടെ എച്ച്.എം.എസ്. എന്ന കപ്പലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചായിരുന്നു യാത്രയെന്നും റഷ്യയുടെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.