ദുബായ്: ഇന്ധന, കപ്പൽ ഗതാഗത മേഖലയിലേതടക്കം രാജ്യത്തിനുമേലുള്ള ഉപരോധങ്ങൾ നീക്കാമെന്നും മുതിർന്ന നേതാക്കളെ കരിമ്പട്ടികയിൽനിന്നും നീന്നൊഴിവാക്കാമെന്നും യു.എസ്. ഉറപ്പുനൽകിയതായി ഇറാൻ. 2015-ലെ ആണവകരാർ വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതിനായുള്ള ചർച്ചയിലാണ് ധാരണയായതെന്ന് പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് മഹ്മൂദ് വയേസിയെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.

കരാർ പ്രകാരം ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന 1040 ഉപരോധങ്ങൾ പിൻവലിക്കാൻ ധാരണയായതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചർച്ചകൾ ധാരണയിലെത്താൻ ഒട്ടേറെ ദൂരം താണ്ടാനുണ്ടെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ നേരത്തേ പ്രതികരിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനായ ഇബ്രാഹിം റെയ്സി വിജയിച്ചതിനു പിന്നാലെയാണ് നടപടി. യു.എസ്. ഉപരോധം നേരിടുന്ന ഇറാന്റെ ആദ്യ പ്രസിഡന്റാണ് റെയ്സി. നിലവിലുള്ള പ്രസിഡന്റ് റുഹാനി ഓഗസ്റ്റിൽ സ്ഥാനമൊഴിയുന്നതോടെയാകും റെയ്സിയുടെ സ്ഥാനാരോഹണം.

ഇറാൻ അനുകൂല വെബ്സൈറ്റുകൾ യു.എസ്. പിടിച്ചെടുത്തു

വാഷിങ്ടൺ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഒട്ടേറെ ഇറാൻ അനുകൂല വെബ്സൈറ്റുകൾ യു.എസ്. പിടിച്ചെടുത്തു. ഇറാനിയൻ ഇസ്‌ലാമിക് റേഡിയോ ആൻഡ് ടെലിവിഷൻ യൂണിയന്റെ കീഴിലുള്ള 33 വെബ്സൈറ്റുകളും ഇറാൻറെ പിന്തുണയുള്ള ഇറാഖിലെ സായുധസേനയായ കതായ്ബ് ഹിസ്‌ബുള്ളയുടെ നിയന്ത്രണത്തിലുള്ള മൂന്ന് സൈറ്റുകളും പിടിച്ചെടുത്തതായി യു.എസ്. നീതിന്യായ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

യു.എസിനെതിരേ തെറ്റായ പ്രചാരണങ്ങൾക്കും മോശപ്പെട്ട പ്രവർത്തനങ്ങൾക്കും സൈറ്റുകളെ ഇറാൻ സർക്കാർ ഉപയോഗിച്ചതായി പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സൈറ്റുകൾ പിടിച്ചെടുത്ത അറിയിപ്പുകൾ ചൊവ്വാഴ്ചയാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കകം പുതിയ ഇന്റർനെറ്റ് മേൽവിലാസവുമായി മിക്ക സൈറ്റുകളും പ്രവർത്തനം പുനരാരംഭിച്ചു. നടപടികളെ വിമർശിച്ച ഇറാൻ ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകളെ സഹായിക്കുന്നതല്ല യു.എസ്. നീക്കമെന്നും വ്യക്തമാക്കി.

യെമനിൽ ഹൂതി വിമതരുടെ ഉടമസ്ഥതയിലുള്ള അൽ മസ്‌റി ടി.വി.യുടെ വെബ്സൈറ്റും ഹാക്ക് ചെയ്തതായി റിപ്പോർട്ടുണ്ട്. യു.എസാണ് നടപടിക്ക് പിന്നിലെന്ന് വിമതർ ആരോപിച്ചു.