ഹോങ് കോങ്: ഹോങ്‌ കോങ്ങിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്‌ലി പ്രസിദ്ധീകരണം അവസാനിപ്പിച്ചു. ബുധനാഴ്ച അർധരാത്രി പൂട്ടുന്ന ആപ്പിളിന്റെ അവസാന പ്രസിദ്ധീകരണദിനം വ്യാഴാഴ്ചയായിരിക്കും. ആപ്പിൾ ഡെയ്‌ലിയുടെ വെബ്സൈറ്റും ബുധനാഴ്ച രാത്രി പ്രവർത്തനം നിർത്തും. ജീവനക്കാരുടെ സുരക്ഷകൂടി പരിഗണിച്ചാണ് തീരുമാനമെന്ന് പത്രം വ്യക്തമാക്കി.

ദേശീയ സുരക്ഷാനിയമപ്രകാരം പത്രക്കമ്പനിയുടെ സ്വത്തുക്കൾ അധികൃതർ മരവിപ്പിച്ചതാണ് പത്രം അടയ്ക്കാനുള്ള കാരണം. കുറച്ച് ദിവസങ്ങൾ പ്രവർത്തിക്കാനുള്ള പണംകൂടിയേ അവശേഷിക്കുന്നുള്ളൂവെന്ന് നേരത്തേ കമ്പനി വ്യക്തമാക്കിയിരുന്നു.

ഹോങ് കോങ്ങിലെ സ്വാതന്ത്ര്യാനുകൂല പ്രക്ഷോഭങ്ങൾക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം.

ചൈനയ്ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങളും കോളങ്ങളും പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് അധികൃതർ പറയുന്നു. ഹോങ് കോങ്ങിലെ ഏറ്റവും ജനപ്രിയ പത്രമായ ആപ്പിൾ ഡെയ്‌ലിയുടെ ഉടമ ജിമ്മി ലായിയെ കഴിഞ്ഞകൊല്ലം ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പത്രത്തിന്റെ അഞ്ച് എഡിറ്റർമാരടക്കം ഒട്ടേറെ മാധ്യമപ്രവർത്തകരും അറസ്റ്റിലായി.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ആദ്യ വിചാരണ ആരംഭിച്ചു

ഹോങ് കോങ്: ഹോങ് കോങ്ങിൽ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ആദ്യ വിചാരണ ബുധനാഴ്ച തുടങ്ങി. കഴിഞ്ഞകൊല്ലം ജൂലായ് ഒന്നിനു നടന്ന ജനാധിപത്യാനുകൂല പ്രക്ഷോഭങ്ങൾക്കിടെ പോലീസുകാരുടെ സംഘത്തിലേക്കു ബൈക്കോടിച്ചതിന് അറസ്റ്റിലായ 24-കാരൻ തോങ് യിങ് കിറ്റിന്റെ വിചാരയാണ് ആദ്യം. ഹോങ് കോങ്ങിനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യമെഴുതിയ പതാക തോങ്ങിന്റെ ബൈക്കിലുണ്ടായിരുന്നു.

ഭീകരപ്രവർത്തനവും അപകടകരമായ ഡ്രൈവിങ്ങും അടക്കമുള്ള കുറ്റങ്ങളാണ് തോങ്ങിനെതിരേ ചുമത്തിയത്. നേരത്തേ തോങ്ങിന്റെ ജാമ്യാപേക്ഷ രണ്ടു തവണ കോടതികൾ തള്ളിയിരുന്നു. കഴിഞ്ഞകൊല്ലം ചൈന ദേശീയ സുരക്ഷാനിയമം നടപ്പാക്കിയതിനുശേഷം 60-ലേറെ പേരാണ് ഹോങ് കോങ്ങിൽ തടവിലായത്. ജനാധിപത്യാനുകൂലികളായ ഭൂരിഭാഗം നേതാക്കളും ജയിലിലാണ്.