ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ പാകിസ്താനിലെ ലഹോറിലുള്ള വീടിനു പുറത്ത് കാർബോംബ് സ്ഫോടനം. ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 20-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പോലീസുകാരനടക്കം പരിക്കേറ്റവരിൽ ആറുപേരുടെനില ഗുരുതരമാണ്. ജൗഹർ ടൗണിലെ ബോർ സൊസൈറ്റിയിലുള്ള സയീദിന്റെ വീടിനുപുറത്തെ പോലീസ് കാവൽകേന്ദ്രത്തിലായിരുന്നു സ്ഫോടനം. ശക്തിയേറിയ സ്ഫോടനത്തിൽ ഏതാനും മോട്ടോർവാഹനങ്ങൾ പൂർണമായും നശിച്ചു. പ്രദേശത്തെ ഒട്ടേറെ വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി.

ഭീകരാക്രമണമാണുണ്ടായതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പഞ്ചാബ് ഐ.ജി. ഇനാം ഗനി പറഞ്ഞു. ചാവേറാക്രമണമാണോ നടന്നതെന്ന് പരിശോധിക്കുകയാണ്. വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ആക്രമണത്തിൽ പങ്കുള്ളതായും അദ്ദേഹം ആരോപിച്ചു.

സയീദ് വീട്ടിലുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ഭീകരർക്ക് സഹായധനം നൽകിയ കേസിൽ നിലവിൽ ലഹോറിലെ ജയിലിൽ കഴിയുകയാണ് സയീദ്.