വ്യത്യസ്തമായ ജീവിതപശ്ചാത്തലത്തിൽനിന്ന് വലിയ മാധ്യമശ്രദ്ധ നേടിയ വ്യക്തിയുടെ കഥയാണ് ലാരി കിങ് എന്നറിയപ്പെട്ടിരുന്ന ജനപ്രിയ ടെലിവിഷൻ അവതാരകൻ ലോറൻസ് ഹാർവി സീഗറിന് പറയാനുള്ളത്.
1933-ൽ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലാണ് ഹാർവി ജനിച്ചത്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇടയ്ക്കിടെ പഠനം മുടങ്ങി. പ്രശ്നങ്ങൾക്കിടെ പ്രാദേശിക റേഡിയോ നിലയത്തിൽ സഹായിയായി ജോലി കിട്ടിയ ഹാർവി ജീവനക്കാരന് ഒഴിവുള്ള ദിവസം പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിക്കുകയായിരുന്നു. 1950-കളിലും 60-കളിലും റേഡിയോ അവതാരകൻ, കമൻഡേറ്റർ എന്നീ നിലകളിൽ ഫ്ളോറിഡയിൽ പ്രവർത്തിച്ച അദ്ദേഹം 70-ലാണ് ടെലിവിഷൻ രംഗത്തെത്തുന്നത്. പിന്നീട് ശ്രദ്ധേയനായ അഭിമുഖക്കാരനായി. മോണിക്ക ലെവൻസ്കി വിവാദകാലത്ത് ബിൽ ക്ലിന്റണുമായി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടി. അമേരിക്കൻ പ്രസിഡൻറായ റിച്ചാർഡ് നിക്സൺ മുതൽ ക്ലിന്റണും ഒബാമയുംവരെ, സെലിബ്രിറ്റികളിൽ മർലൻ ബ്രാൻഡോയും ബിൽ ഗ്രേറ്റ്സും അടക്കം നിരവധി പേർ ഹാർവിയുടെ ചോദ്യങ്ങളുടെ മുന്നിലെത്തി.
2010 ഡിസംബർ 26-ലെ ലാറി കിങ് ലൈവിന്റെ അവസാന എപ്പിസോഡ് 22.5 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. പിന്നീട് ടെലിവിഷൻ പരിപാടികൾ നിർമിക്കുന്ന ഓറ മീഡിയ സ്ഥാപിച്ചു.
യു.എസ്. ടുഡേ ദിനപത്രത്തിൽ 20 വർഷത്തോളം കോളമെഴുതിയിരുന്നു. എമ്മി അടക്കമുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഏഴുസ്ത്രീകളെ വിവാഹം കഴിച്ച ഹാർവിക്ക് അഞ്ചു മക്കളാണുള്ളത്.