വാഷിങ്ടൺ: കോവിഡ് മരണങ്ങളുടെ കാര്യത്തിൽ അമേരിക്ക ‘ഹൃദയഭേദകമായ നാഴികക്കല്ലാ’ണ് പിന്നിട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ജൊ ബൈഡൻ പറഞ്ഞു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലും വിയറ്റ്‌നാം യുദ്ധത്തിലും പൊലിഞ്ഞ അമേരിക്കൻ ജീവനുകളെക്കാൾ കൂടുതലാണിതെന്ന് അദ്ദേഹം ഓർമിച്ചു. കോവിഡ് മരണങ്ങൾ അഞ്ചുലക്ഷം കടന്ന തിങ്കളാഴ്ച നടന്ന രാജ്യവ്യാപക വിലാപം നയിച്ചുകൊണ്ടാണ് ബൈഡൻ ഇക്കാര്യം അനുസ്മരിച്ചത്.

“രാജ്യമെന്ന നിലയിൽ ഈ ക്രൂരമായ വിധി നമുക്ക് ഉൾക്കൊള്ളാനാവില്ലെ”ന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിനു വെളിയിൽ 500 മെഴുകുതിരികൾ തെളിച്ച് മരിച്ചവരെ അനുസ്മരിച്ചു. പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഫസ്റ്റ് ജെന്റിൽമാൻ ഡഗ് എംഹോഫ് എന്നിവരും അനുസ്മരണത്തിൽ പങ്കാളികളായി. എല്ലാവരും ഒരുമിനിറ്റ് മൗനമാചരിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക അഞ്ചുദിവസം പകുതി താഴ്ത്തിക്കെട്ടും.

തിങ്കളാഴ്ചവരെ 500,071 പേരാണ് കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചത്. രണ്ടാംലോകയുദ്ധത്തിൽ 4,05,000 പേരും വിയറ്റ്നാം യുദ്ധത്തിൽ 58,000 പേരും കൊറിയൻ യുദ്ധത്തിൽ 36,000 പേരും മരിച്ചെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

മരിച്ചവരെ അനുസ്മരിക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് ജീവിച്ചിരിക്കുന്നവരെയും ഉറ്റവർ നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

“ജാഗ്രതയോടെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക. നിങ്ങളുടെ ഊഴമെത്തുമ്പോൾ വാക്സിൻ സ്വീകരിക്കുക. നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിച്ച രാഷ്ട്രീയവും വ്യാജവിവരപ്രചാരണവും അവസാനിപ്പിക്കുക. ഒരൊറ്റ ജനമായിവേണം നാം പോരാടാൻ. ആ ഒരൊറ്റ മാർഗത്തിലൂടെയാണ് നാം ഈ വൈറസിനെതിരേ പോരാടൻ പോകുന്നത്” -ബൈഡൻ പറഞ്ഞു.

ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വാഷിങ്ടണിലെ നാഷണൽ കത്തീഡ്രലിൽ 500 തവണ മണിമുഴങ്ങി. മരിച്ച ഓരോ 1000 അമേരിക്കക്കാരുടെയും സ്മരണാർഥമായിരുന്നു ഇത്.